Loading ...

Home peace

നെടുംകുന്നം പള്ളി

മധ്യതിരുവിതാംകൂറിലെ ഒരു സുറിയാനി കത്തോലിക്കാ ദേവാലങ്ങളിലൊന്നാണ് നെടുംകുന്നം സെൻറ് ജോൺ ബാപ്റ്റിസ്റ്റ്സ് ഫോറോനാപ്പള്ളി.കോട്ടയം ജില്ലയിൽ ചങ്ങനാശേരി മണിമല റോഡിൽ ചങ്ങനാശേരിയിൽനിന്നും പതിനാറു കിലോമീറ്റർ അകലെ കറുകച്ചാലിനും നെടുംകുന്നം കവലക്കും മധ്യേയാണ് പള്ളിയുടെ സ്ഥാനം. ക്രിസ്തുവിന്റെ മുന്നോടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്നാപകയോഹന്നാന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ എല്ലാ വർഷവും വൃശ്ചികം 13-ന് പ്രധാന തിരുന്നാൾ ആചരിക്കുന്നു. 1803-ലാണ് ഇവിടെ ആദ്യ ദേവലായം നിർമ്മിക്കപ്പെട്ടത്. നെടുംകുന്നം ഇടവകയിൽ ആയിരത്തോളം കുടുംബങ്ങളുണ്ട്. കൂത്രപ്പള്ളി, പനയമ്പാല, ചമ്പക്കര, നെടുമണ്ണി, മുണ്ടത്താനം, പുളിക്കൽകവല, പുളിക്കൽകവല തുടങ്ങിയ ഇടവകകൾ നെടുംകുന്നം ഫൊറോനക്കു കീഴിൽ പ്രവർത്തിക്കുന്നു. ആദ്യകാലത്ത്‌ വരാപ്പുഴ രൂപതയുടെ കീഴിലുള്ള ചങ്ങനാശേരി ഇടവകയിൽപെട്ടവരായിരുന്നു നെടുംകുന്നത്തെ കത്തോലിക്കർ. ചങ്ങനാശേരിയോ വായ്പൂരോ ആയിരുന്നു ഇവർക്ക് അടുത്തുള്ള പള്ളികൾ. ഈ സാഹചര്യത്തിൽ കൂത്രപ്പള്ളി പാലാക്കുന്നേൽ ഈയ്യോബ് വരാപ്പുഴയിലെത്തി മെത്രാപ്പോലീത്തയെ കണ്ട് നെടുംകുന്നത്ത് ഒരു പള്ളി സ്ഥാപിക്കുന്നതിനും ഞായറാഴ്ച്ച തോറും ആരാധന നടത്തുന്നതിനും അനുവാദം വാങ്ങുകയും രണ്ടു മാസങ്ങൾക്കുശേഷം സ്വന്തം ചെലവിൽ ഒരു പള്ളി നിർമ്മിക്കുകയും ചെയ്തതായി പറയപ്പെടുന്നു
മാർ യോഹാൻ മാംദാനയുടെ നാമത്തിലുള്ള നെടുംകുന്നം പള്ളി ഒരു നേർച്ചയുടെ ഫലമാണൊണെന്നും ഐതിഹ്യമുണ്ട്. നടുക്കടലിൽ സഞ്ചരിച്ചിരുന്ന ഒരു പോർട്ടുഗീസ്‌ കപ്പൽ കൊടുങ്കാറ്റിൽപെട്ട് മുങ്ങുമെന്നായപ്പോൾ, പള്ളിയില്ലാത്തകിഴക്കൻപ്രദേശങ്ങളിൽ എവിടെയെങ്കിലും യോഹാൻ മാംദാനയുടെ നാമത്തിൽ ഒരു പള്ളി പണിയിച്ചുകൊള്ളാമെന്ന് നേർച്ച നേർന്നുവെന്നും അങ്ങനെ അവർ അപകടത്തിൽനിന്നുംമുക്തരായെന്നുമാണ് ഐതിഹ്യം. ഇതേത്തുടർന്ന് കപ്പൽകാർ പള്ളിവയ്ക്കുതിനുവേണ്ട പണവും യോഹാൻമാംദാനയുടെ ഒരു രൂപവും പുറക്കാട്ടു പള്ളിക്കാരെ ഏൽപ്പിച്ചു. കാലങ്ങൾ കഴിയവെ അത്‌ ആലപ്പുഴ പള്ളിക്കാർക്കും ചങ്ങനാശേരി പള്ളിക്കാർക്കും കൈമാറി. ഇതിനിടയിൽ പണം നഷ്ടപ്പെട്ടെങ്കിലും രൂപം ചങ്ങനാശേരിയിൽ എത്തിച്ചേർന്നു. ചങ്ങനാശേരി പള്ളിയിലെത്തുന്ന നെടുംകുന്നത്തെ കത്തോലിക്കരുടെ യാത്രാക്ലേശം പരിഗണിച്ച് രൂപം നെടുംകുന്നത്തുകാർക്കു കൈമാറുകയും അത് നെടുംകുത്തുകൊണ്ടുവന്ന് ഒരു താൽക്കാലിക ഷെഡ് ഉണ്ടാക്കി അതിൽ സ്ഥാപിക്കുകയും ചെയ്തതു.രൂപം പ്രതിഷ്ഠിക്കുന്നതിന്‌ പള്ളി ഇല്ലാതിരുന്ന സാഹചര്യത്തിൽ ചാത്തനാട്ട്‌ സ്ഥാനികൾ ദാനമായി നൽകിയ സ്ഥലത്താണ്‌ പള്ളി സ്ഥാപിച്ചത്‌. അങ്ങനെ നെടുംകുന്നത്തുണ്ടായ ആദ്യത്തെ ദേവാലയം ഇപ്പോഴത്തെ വലിയപള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത്‌ കാട്ടു തൂണുകളും പനയോലക്കെട്ടുംകൊണ്ട് തീർത്ത ഒരു നെടുംപുരയായിരുന്നു. ഈ ദേവാലയത്തിൽ ദിവ്യബലിയർപ്പിക്കാൻ വൈദികർ ഇല്ലായിരുന്നു എന്ന് പറയപ്പെടുന്നു. സുരക്ഷിതത്വത്തിനുവേണ്ടി രൂപം സൂക്ഷിച്ചിരുന്നത്‌ പള്ളിക്കടുത്തുള്ള പ്രക്കാട്ടുമത്ത്‌ കുടുംബത്തിലെ നിലവറയിലായിരുന്നെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെട്ടുപോരുന്നു.1936-ൽ പുളിക്കപ്പറമ്പിൽ വല്യച്ചന്റെ കാലത്താണ്‌ ഇപ്പോഴത്തെ വലിയ പള്ളിയുടെ നിർമ്മാണം ആരംഭിച്ചത്‌. 1940-ൽ നിർമ്മാണം പൂർത്തിയാക്കി അതേ വർഷം നവംബർ 28-ന്‌ (വൃശ്ചികം 13) ആർച്ച്‌ ബിഷപ്‌ മാർ ജെയിംസ്‌ കാളാശേരി ആശീർവാദകർമ്മം നിർവ്വഹിച്ചു.

Related News