Loading ...

Home International

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനു ഭക്തിനിര്‍ഭര തുടക്കം


എലന്‍വില്‍: ഭക്തിയിലും പാരമ്പര്യവിശ്വാസത്തിലും അടിയുറച്ച സഭാസ്‌നേഹത്തിന്റെ സന്ദേശം വിളിച്ചോതി മലങ്കര ഓര്‍ത്തഡോക്‌സ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് പ്രൗഢ ഗംഭീരമായ തുടക്കം. അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്കിലുള്ള എലന്‍വില്‍ ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. വര്‍ണശബളമായ ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം ആരംഭിച്ച ഉദ്ഘാടനസമ്മേളനം ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് ഉദ്ഘാടനം ചെയ്തു. ജൂലൈ 18 ന് ത്രിദിന കോണ്‍ഫറന്‍സ് സമാപിക്കും.
പഞ്ചനക്ഷത്ര സൗകര്യങ്ങളില്‍ മുഴുകുമ്പോഴും വേരുകള്‍ നാമൊരിക്കലും മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസ് സദസിനെ സ്വാഗതം ചെയ്തത്. പിന്നിലേക്ക് നോക്കിയാവണം മുന്നോട്ടു പോകേണ്ടത്. വിശ്വാസത്തിന്റെ ഈ ശക്തിചൈതന്യം സഭ ഇന്ന് ആവോളം അനുഭവിക്കുന്നതും ഇതു കൊണ്ടാണ്. നമ്മുടെ യുവ തലമുറയ്ക്ക്, കടന്നു പോയ തലമുറ സഭയ്ക്ക് വേണ്ടി അനുഭവിച്ച ത്യാഗങ്ങളുടെയും പ്രതിസന്ധികളുടെയുമൊന്നും കഥയറിയില്ല. ഫാമിലി കോണ്‍ഫറന്‍സ് തുടങ്ങിയിട്ട് 35 വര്‍ഷം കടന്നു പോയിരിക്കുന്നു. ഇത് തുടങ്ങി വച്ച മഹനീയരെ നമുക്ക് നന്ദിപൂര്‍വ്വം ഈ അവസരത്തില്‍ സ്മരിക്കാം. അവരുടെ ത്യാഗനിര്‍ഭരമായ നേട്ടങ്ങളെയും അടിയുറച്ച വിശ്വാസങ്ങളെയും ഓര്‍മ്മിച്ചു കൊണ്ടു വിജയ് അച്ചന്‍ എല്ലാവരെയും സ്വാഗതം ചെയ്തു.
ഭദ്രാസനമെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, ഫാ. വിജയ് തോമസ്, കീനോട്ട് സ്്പീക്കര്‍ വെരി. റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്‌കോപ്പ, ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ്, ട്രഷറര്‍ തോമസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നു നിലവിളക്കു കൊളുത്തി. വിശ്വാസികള്‍ വെളിവ് നിറഞ്ഞോരീശോ... എന്ന ഗാനം ഏറ്റുചൊല്ലി.
വിശ്വാസത്തിലൂന്നിയ ആത്മീയവേദിയില്‍ നില്‍ക്കുമ്പോള്‍ അനുഭവിക്കാനാവുന്നത് പ്രാര്‍ത്ഥനാഭരിതമായ സന്തോഷമാണെന്നു ജനറല്‍ സെക്രട്ടറി ഡോ.ജോളി തോമസ് പറഞ്ഞു. മഹാരഥന്മാരുടെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞ വേദിയാണിത്. യുവതലമുറ ഇതില്‍ നിന്നും ആത്മീയമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. വിശ്വാസത്തില്‍ അടിയുറച്ചു നിന്ന് സമകാലിക പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോകാന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിലൂടെ കഴിയട്ടെ എന്നും ഡോ. ജോളി തോമസ് ആശംസിച്ചു.
തുടര്‍ന്ന് സംസാരിച്ച സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത തന്റെ മുന്‍ഗാമികളായ ഡോ. തോമസ് മാര്‍ മക്കാറിയോസ്, മാത്യൂസ് മാര്‍ ബര്‍ണബാസ് എന്നീ മെത്രാപ്പോലീത്തന്മാരെ അനുസ്മരിച്ചു കൊണ്ടാണ് പ്രസംഗിച്ചു തുടങ്ങിയത്. തലമുറകളെ ആഘോഷമാക്കുമ്പോള്‍ പിന്‍ഗാമികളെ നമുക്കൊരിക്കലും മറക്കാനാവില്ല. തികഞ്ഞ ലാളിത്യമാര്‍ന്ന തുടക്കമാണ് ഇന്നത്തെ നിലയിലേക്ക് ഈ കോണ്‍ഫറന്‍സിനെ വളര്‍ത്തിയത്. കുടിയേറ്റത്തിന്റെ കാലം മുതല്‍ക്ക് ഇവിടെ പടുത്തുയര്‍ത്തിയ സഭാ വിശ്വാസത്തെ ഇന്നും അതേ കരുത്തില്‍ നിലനിര്‍ത്താന്‍ കഴിയുന്നത് വിശ്വാസത്തിലൂന്നിയ കര്‍മ്മനിരതമായ പ്രവര്‍ത്തനമായിരുന്നു. വിശ്വാസത്തില്‍ അഭിവൃദ്ധിപ്പെടുന്ന തലമുറ എന്ന ചിന്താവിഷയത്തെ നാം കൂടുതല്‍ കരുത്തോടെ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി ഓര്‍ത്താണ് ഇന്നത്തെ തലമുറയുടെ വേവലാതി. ഈ മനോഭാവം തിരുത്തേണ്ടിയിരിക്കുന്നു. അവരെക്കുറിച്ചുള്ള ഉത്കണ്ഠയില്‍ അര്‍ത്ഥമില്ല, ആരുമതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതുമില്ലെന്നു തിരുമേനി പറഞ്ഞു. വിശ്വാസത്തിലൂന്നിയുള്ള പ്രവര്‍ത്തനമാണ് നമ്മുടേത്. ആത്മീയമായ ഈ കെട്ടുറപ്പ് തലമുറകള്‍ കൈമാറി നമുക്ക് ലഭിച്ചതാണ്. നമ്മള്‍ നമ്മോടു തന്നെ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. എന്തിന് ഈ രാജ്യത്തേക്ക് വന്നു? 99 ശതമാനം പേരും അവസരങ്ങള്‍ തേടിയെത്തി എന്നു പറയും. അങ്ങനെ വന്നെങ്കിലും ദൈവത്തിന്റെ പദ്ധതിയനുസരിച്ചാണ് നിങ്ങള്‍ ഇവിടേക്ക് വന്നതെന്നു ഞാന്‍ പറയും. ഈ വിശ്വാസം നാമെന്നും നിലനിര്‍ത്തണം. ആത്മീയമായ കൂട്ടായ്മയും കെട്ടുറപ്പും നമ്മുടെ വിശ്വാസത്തിന് കൂടുതല്‍ കരുത്തു നല്‍കും. ദൈവത്തില്‍ എല്ലാം ഭദ്രമാണെന്ന് നാം വിശ്വസിക്കുന്നു. പുതിയ തലമുറയും വിശ്വാസത്തില്‍ അടിയുറച്ചു ജീവിക്കുന്നവരാണ്. അതു നിലനിര്‍ത്തുകയും അവരുടെ വിശ്വാസത്തെ കൂടുതല്‍ ബലപ്പെടുത്തുകയുമാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യമെന്നും മാര്‍ നിക്കോളോവോസ് പറഞ്ഞു.
അമേരിക്കയിലെ മലങ്കരസഭയുടെ ചരിത്രനിമിഷത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലെ സന്തോഷം പങ്കു വച്ചു കൊണ്ടാണ് വെരി. റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്‌കോപ്പ ഹ്രസ്വമായ പ്രസംഗം നടത്തിയത്. പ്രതീക്ഷാനിര്‍ഭരമായ പുതിയ തലമുറയില്‍ നിന്നു സഭ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നു പറഞ്ഞ അച്ചന്‍ മലേഷ്യയിലെ സഭയുടെ വളര്‍ച്ചയെപ്പറ്റി പ്രതിപാദിച്ചു. പിറന്നാള്‍ ആഘോഷിക്കുന്ന ഭദ്രാസന സെക്രട്ടറി ഫാ.എം.കെ കുറിയാക്കോസിനെയും വേദിയില്‍ അനുമോദിച്ചു.
തുടര്‍ന്ന് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീര്‍ മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് പ്രകാശനം ചെയ്തു. ഫിനാന്‍സ് ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ് , ചീഫ് എഡിറ്റര്‍ ലിന്‍സി ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. ഓണ്‍സൈറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ജെസി തോമസ് കോണ്‍ഫറന്‍സ് റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സിനെ പറ്റി സംസാരിച്ചു. കോര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസ് കോണ്‍ഫറന്‍സില്‍ സമയകൃത്യത പാലിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചു. ട്രഷറര്‍ തോമസ് ജോര്‍ജ് കൃതജ്ഞത പ്രകാശിപ്പിച്ചു.
സ്റ്റീഫന്‍ ദേവസി, അഞ്ജു ജോസഫ്, ഡ്രമ്മര്‍ ജിമ്മി ജോര്‍ജ് എന്നിവര്‍ നയിച്ച ഡിവോഷണല്‍ ഗാനമേള സദസിനെ സന്തോഷഭരിതമാക്കി. നേരത്തെ, കോണ്‍ഫറന്‍സിനോടനുബന്ധിച്ചു നടന്ന വര്‍ണ്ണാഭമായ ഘോഷയാത്ര വൈകുന്നേരം ആറു മണിക്ക് തുടങ്ങി. ഭക്തിഗാനങ്ങളുടെയും സഭാവിശ്വാസപ്രഖ്യാപനങ്ങളുടെയും, ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ കുട്ടികളും, യുവജനങ്ങളും, സ്ത്രീപുരുഷന്മാരും ഒരുമിച്ചു ചേര്‍ന്നു നടത്തിയ ഘോഷയാത്ര അവിസ്മരണീയമായി. അസ്തമയ സൂര്യന്റെ 85 ഡിഗ്രി ചൂട് നിറഞ്ഞ അന്തരീക്ഷത്തില്‍ വൈകുന്നേരത്തെ ചെറു കാറ്റിന്റെ അകമ്പടിയോടെ, എലന്‍വില്ലിലെ ശാന്തസുന്ദരമായ പ്രകൃതിയുട പശ്ചാത്തലത്തിലാണ് ഘോഷയാത്ര ആരംഭിച്ചത്. 18 പേര്‍ ചേര്‍ന്ന് നടത്തിയ ശിങ്കാരിമേളമായിരുന്നു ഒരു ഹൈലൈറ്റ്. എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചിന്റെ നേതൃത്വത്തിലായിരുന്നു മേളം. ലോബിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര നിറപ്പകിട്ടാര്‍ന്ന വിധത്തില്‍ മനോഹരമാക്കാന്‍ ഓരോരുത്തരും ശ്രദ്ധിച്ചിരുന്നു. കറുത്ത പാന്റും വെളുത്ത ഷര്‍ട്ടും ഓരോ ഏരിയയ്ക്കും നിശ്ചയിച്ചിരുന്ന കളറോടു കൂടിയ ടൈയുമാണ് പുരുഷന്മാര്‍ ധരിച്ചിരുന്നത്. സ്ത്രീകള്‍ അതിനുയോജിച്ച സാരിയും ബ്ലൗസും അണിഞ്ഞെത്തി. ബ്രോങ്ക്‌സ്, വെസ്റ്റ്‌ചെസ്റ്റര്‍ അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ നീല നിറവും, ക്യൂന്‍സ് ലോങ് ഐലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ മെറൂണും, റോക്ക്‌ലാന്‍ഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പച്ച കളര്‍ വസ്ത്രങ്ങളുമണിഞ്ഞാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. ന്യൂജേഴ്‌സി, ഫിലഡല്‍ഫിയ, ബാള്‍ട്ടിമൂര്‍, വാഷിങ്ടണ്‍ ഡിസി, വിര്‍ജീനിയ, നോര്‍ത്ത് കരോളിന എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ മഞ്ഞ നിറത്തില്‍ ശ്രദ്ധേയരായി.
വൈകുന്നേരത്തെ ക്യാമ്പ് ഫയര്‍ കോണ്‍ഫറന്‍സിലെ പങ്കാളികളെല്ലാവരും ആസ്വദിച്ചു.
 

-By ജോര്‍ജ്ജ് തുമ്പയില്‍  thumpayil@aol.com

 

Related News