Loading ...

Home International

മാധ്യമപ്രവര്‍ത്തനത്തിന് പൂട്ടിടുന്ന സര്‍ക്കാര്‍; ഒന്നാംപേജ് ഒഴിച്ചിട്ട് ഓസ്ട്രേലിയന്‍ പത്രങ്ങളുടെ പ്രതിഷേധം

വിസില്‍ ബ്ലോയിംഗിനും പത്രപ്രവര്‍ത്തനത്തിനും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്ന ഫെഡറല്‍ സര്‍ക്കാരുകളുടെ നീക്കങ്ങള്‍ക്കെതിരെ ഓസ്‌ട്രേലിയയിലെ എല്ലാ പത്രങ്ങളുടെയും ഒന്നാംപേജ് ഒഴിച്ചിട്ട് പ്രതിഷേധിച്ചു. എബിസിയുടെ സിഡ്‌നി ആസ്ഥാനത്തും ന്യൂസ് കോര്‍പ്പ് ജേണലിസ്റ്റിന്റെ വീട്ടിലും ജൂണില്‍ നടത്തിയ റെയ്ഡുകളെ തുടര്‍ന്നാണ് പ്രതിഷേധം. അതിന്‍റെ നിയമസാധുത ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്. ഓസ്‌ട്രേലിയന്‍ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ് ഓഫീസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച സാക്ഷിക്കും അദ്ദേഹത്തിന്റെ അഭിഭാഷകനായ ബെര്‍ണാഡ് കൊളറിനും തടവുശിക്ഷ നല്‍കിയിരുന്നു. ഓസ്‌ട്രേലിയന്‍ ടാക്സ് ഓഫീസ് അധികാര ദുര്‍വ്വിനിയോഗം നടത്തിയെന്നു വെളിപ്പെടുത്തിയ വിസില്‍ബ്ലോവര്‍ റിച്ചാര്‍ഡ് ബോയലിനു 161 വര്‍ഷത്തെ തടവു ശിക്ഷയാണ് വിധിച്ചത്. വിസില്‍ ബ്ലോവര്‍മാര്‍മാര്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുക, പൊതുവിവരങ്ങള്‍ സ്വതന്ത്രമായി ലഭ്യമാക്കുക, മാനനഷ്ടവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്കരിക്കുക, സര്‍ക്കാറിന്‍റെ നയങ്ങളെ ചോദ്യം ചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യത്തില്‍ കടന്നുകയറാതിരിക്കുക, തങ്ങളുടെ ജോലി ചെയ്യുന്നു എന്ന ഒറ്റക്കാരണത്താല്‍ അവരെ ജയിലില്‍ അടയ്ക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്. രഹസ്യവും ചാരവൃത്തിയും സംബന്ധിച്ച 60ലധികം നിയമങ്ങളാണ് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ മാത്രം പാസാക്കിയിട്ടുള്ളത്. നിലവില്‍ അവര്‍ വിസില്‍ബ്ലോവര്‍ നിയമങ്ങള്‍ അവലോകനം ചെയ്യുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇരുപത്തിരണ്ട് ഭേദഗതിയാണ് പാര്‍ലമെന്‍റ് പാസാക്കിയത്. 'അധികാരത്തിലിരിക്കുന്നവര്‍ തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് പൊതുജനങ്ങള്‍ അറിയണമെന്ന് ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യമെന്ന്' ഗ്രീന്‍സ് സെനറ്റര്‍ സാറാ ഹാന്‍സണ്‍-യംഗ് പറയുന്നു. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനായി സുതാര്യതയും ഉത്തരവാദിത്തവും പരിമിതപ്പെടുത്തനാണ് അവര്‍ ശ്രമിക്കുന്നതെന്നും സാറ പറഞ്ഞു. ഒക്ടോബറില്‍ ഓസ്‌ട്രേലിയന്‍ 'റൈറ്റ് ടു നോ' സഖ്യം നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്ത 87% പേരും ഓസ്‌ട്രേലിയ സ്വതന്ത്രവും തുറന്നതും സുതാര്യവുമായ ഒരു ജനാധിപത്യ രാജ്യമായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് പരിരക്ഷയൊരുക്കണമെന്ന് എണ്‍പത്തിയെട്ട് ശതമാനം പേരും സമ്മതിക്കുന്നു. സത്യം വിളിച്ചുപറയാന്‍ വേണ്ടി വിസില്‍ ബ്ലോവര്‍മാര്‍ നിയമം ലംഘിച്ചാലും കുറ്റവാളികളെപ്പോലെ പരിഗണിക്കരുതെന്ന് 80 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

Related News