Loading ...

Home International

അമേരിക്കയും യൂറോപ്പും വ്യാപാരയുദ്ധത്തിലേക്ക്‌

ബ്രസല്‍സ്‌> യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 150 ഉല്‍പ്പന്നത്തിന്‌ 25 ശതമാനം തീരുവ ചുമത്തിയ അമേരിക്കന്‍ നടപടിക്ക്‌ തിരിച്ചടി നല്‍കുമെന്ന്‌ യൂറോപ്യന്‍ യൂണിയന്‍. എയര്‍ബസിന്‌ യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‍കിവന്ന സബ്‌സിഡിക്കെതിരെ ലോക വ്യാപാര സംഘടനയില്‍(ഡബ്ല്യുടിഒ)നിന്ന്‌ ബുധനാഴ്‌ചയുണ്ടായ വിധിയുടെ മറവിലാണ്‌ അമേരിക്കന്‍ നടപടി. എയര്‍ബസ്‌ പങ്കാളികളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക്‌ 10 ശതമാനം തീരുവ ഏര്‍പ്പെടുത്തുന്നത്‌ കൂടാതെയാണ്‌ യൂറോപ്പില്‍ നിന്നുള്ള മദ്യം, കമ്ബിളിപ്പുതപ്പ്‌, ഒലിവെണ്ണ, ചീസ്‌ തുടങ്ങി സമസ്‌ത വിഭാഗങ്ങളിലുംപെടുന്ന 150 ഉല്‍പന്നത്തിന്‌ വന്‍ തീരുവ ചുമത്തിയത്‌. ഇതിന്റെ ഫലമായി അമേരിക്ക--ചൈന വ്യാപാരയുദ്ധത്തെക്കാള്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുന്ന വ്യാപാരയുദ്ധം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ ഉണ്ടാവുമെന്ന ആശങ്കയിലാണ്‌ ലോകം. 750 കോടി ഡോളറിന്റെ(53000 കോടിയില്‍പ്പരം രൂപ) തീരുവകളാണ്‌ ഒറ്റയടിക്ക്‌ അമേരിക്ക യൂറോപ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ചുമത്തിയിരിക്കുന്നത്‌. 18നാണ്‌ ഇത്‌ പ്രാബല്യത്തിലാകുന്നത്‌. ഇതിന്‌ തിരിച്ചടി നല്‍കുമെന്ന്‌ യൂറോപ്യന്‍ കമീഷന്‍ മുന്നറിയിപ്പ്‌ നല്‍കി. അമേരിക്കന്‍ ഉപഭോക്താക്കളെയും കമ്ബനികളെയുമായിരിക്കും ഇത്‌ ആത്യന്തികമായി ബാധിക്കുകയെന്ന്‌ യൂറോപ്യന്‍ കമീഷന്‍ വക്താവ്‌ ഡാനിയല്‍ റൊസാരിയോ പറഞ്ഞു.
അമേരിക്ക ബോയിങ്ങിന്‌ നല്‍കുന്ന സബ്‌സിഡികള്‍ക്കെതിരെ ഡബ്ല്യുടിഒയിലുള്ള കേസില്‍ ഈമാസം അവസാനം വിധിയുണ്ടാകും.

എയര്‍ബസ്‌ കേസിലേതിന്‌ സമാനവിധി പ്രതീഷിക്കുന്ന യൂറോപ്യന്‍ കമീഷന്‍ അപ്പോള്‍ തിരിച്ചടി നല്‍കാനാണ്‌ നീക്കം. യൂറോപ്പും അമേരിക്കയും തമ്മില്‍ കൂടുതല്‍ അടുത്ത വ്യാപാര--വാണിജ്യ ബന്ധം ഉള്ളതിനാല്‍ ചൈനയുമായുള്ള വ്യാപാരയുദ്ധത്തെക്കാള്‍ അമേരിക്കയെ ബാധിക്കുന്നതായിരിക്കും യൂറോപ്പുമായുള്ളത്‌. യൂറോപ്യന്‍ യൂണിയനിലെ അമേരിക്കന്‍ നിക്ഷേപം അമേരിക്കയ്‌ക്ക്‌ ഏഷ്യയിലാകെയുള്ള നിക്ഷേപത്തിന്റെ മൂന്ന്‌ മടങ്ങിലധികമാണ്‌. അതുപോലെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്‌ അമേരിക്കയിലുള്ള നിക്ഷേപം ചൈനയിലും ഇന്ത്യയിലും കൂടിയുള്ള യൂറോപ്യന്‍ നിക്ഷേപത്തിന്റെ എട്ടുമടങ്ങ്‌ വരും.

യൂറോപ്യന്‍ കാറുകള്‍ക്ക്‌ നികുതി ചുമത്തുമെന്ന്‌ ഏറെക്കാലമായി യുഎസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഭീഷണി മുഴക്കുന്നു. വ്യാപാരയുദ്ധം മൂര്‍ച്ഛിച്ചാല്‍ അത്‌ സംഭവിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്‌. ട്രംപ്‌ ഭരണകൂടത്തിന്റെ നീക്കങ്ങള്‍ അമേരിക്കയിലും പ്രതിഷേധത്തിന്‌ ഇടയാക്കി.
മദ്യ ഇറക്കുമതിക്കാരുടെയും മൊത്തവില്‍പ്പനക്കാരുടെയും സംഘം മദ്യത്തിന്‌ തീരുവകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട്‌ തുറന്ന കത്ത്‌ ഇറക്കിയിട്ടുണ്ട്‌. സ്‌കോച്ചിനും വീഞ്ഞിനും മറ്റും ഏര്‍പ്പെടുത്തുന്ന തീരുവ 340 കോടി ഡോളറിന്റെയും 13000 തൊഴിലിന്റെയും നഷ്‌ടം അമേരിക്കയ്‌ക്ക്‌ ഉണ്ടാക്കുമെന്നാണ്‌ അവര്‍ കണക്കാക്കുന്നത്‌. ഇതിനിടെ ചൈനയില്‍ നിന്നുള്ള അടുക്കള ക്യാബിനുകള്‍ക്കും സിങ്കുകള്‍ക്കും മറ്റും 440 കോടി ഡോളറിന്റെ തീരുവകൂടി അമേരിക്ക പ്രഖ്യാപിച്ചു.

Related News