Loading ...

Home International

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം: യു.എസ് സാമാജികര്‍ കത്തയച്ചത് നിർഭാഗ്യകരമെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്കയുമായി യു.എസ് സാമാജികര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവം നിർഭാഗ്യകരമെന്ന് കേന്ദ്രസർക്കാർ. ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ അവ കൈകാര്യം ചെയ്യാൻ കഴിവുള്ള സ്വതന്ത്ര നീതിന്യായവ്യവസ്ഥയും മനുഷ്യാവകാശ കമീഷനും ജാഗരൂകരായ മാധ്യമങ്ങളും ഊർജസ്വലമായ പൗരസമൂഹവും രാജ്യത്തുണ്ടെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.ഇന്ത്യയെ ബഹുസ്വര സമൂഹമെന്ന് പല തവണ പുകഴ്ത്തിയിട്ടുള്ള യു.എസ് സാമാജികര്‍ ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മത സ്വാതന്ത്ര്യം അപകടത്തിലാണെന്ന് പറയുന്നത് നിർഭാഗ്യകരമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ തികഞ്ഞ അഭിമാനമാണ് ഇന്ത്യക്കുള്ളത്. ന്യൂനപക്ഷങ്ങൾ അടക്കമുള്ള പൗരൻമാർക്ക് മൗലികാവകാശങ്ങൾ ഉറപ്പാക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും വികാസ് സ്വരൂപ് ചൂണ്ടിക്കാട്ടി.ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി എട്ട് സെനറ്റര്‍മാരുള്‍പ്പെടെ 34 യു.എസ് സാമാജികരാണ് ഫെബ്രുവരി 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. മത ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മോദി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.ഇന്ത്യയില്‍ മുസ് ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കും നേരെയുള്ള സമീപനം ആശങ്കയുളവാക്കുന്നതാണ്. സാമുദായിക കലാപങ്ങള്‍ നിയന്ത്രിച്ച് മതന്യൂനപക്ഷങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തണം. കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ആര്‍.എസ്.എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും കത്തിൽ ആവശ്യമുണ്ട്. രാജ്യത്ത് മാട്ടിറച്ചി നിരോധിക്കാനുള്ള നീക്കത്തിലും സാമാജികര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

Related News