Loading ...

Home International

ചാവേറിന്റെ പേരടക്കം ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടും ശ്രീലങ്ക നടപടി എടുത്തില്ല !

കൊളംബോ: ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്ബരയെക്കുറിച്ച്‌ ഇന്ത്യ മൂന്നു തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബാണ്‌ അവസാന മുന്നറിയിപ്പ് നല്‍കിയതെന്നും സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ചാവേറിന്റേ പേരടക്കമാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതെന്നും ശ്രീലങ്കന്‍ അധികൃതര്‍ വെളിപ്പെടുത്തി. ഈ മുന്നറിയിപ്പില്‍ നടപടി സ്വീകരിക്കാതിരുന്നതുമൂലമാണ് ആക്രമണം തടയാന്‍ സാധിക്കാതെവന്നതെന്നും ശ്രീലങ്കന്‍ അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം കൊളംബോയില്‍ ആദ്യ സ്‌ഫോടനം നടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പും ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്രിസ്ത്യന്‍ പള്ളികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. ഇക്കാര്യം ശ്രീലങ്കന്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ നാല്, ഏപ്രില്‍ 20 എന്നീ ദിവസങ്ങളിലും ശ്രീലങ്കയ്ക്ക് സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. ഒരു ഐ.എസ്.ഐ ഭീകരനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്.ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുത്ത് വേണ്ട സമയത്ത് നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റിയതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ മാധ്യമങ്ങളോട് സമ്മതിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേല്‍ത്തട്ടില്‍ മാത്രമാണ് മുന്നറിയിപ്പ് സംബന്ധിച്ച വിവരം ലഭിച്ചതെന്നും അത് കൈമാറുന്നതിലും നടപടി സ്വീകരിക്കുന്നതിലും പിശക് സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, ചാവേറാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടത് സംബന്ധിച്ച്‌ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും പ്രസിഡന്റ് മൈത്രിപാല സിരിസേനയും തമ്മില്‍ വാക്‌പോരുണ്ടായി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് പ്രധാനമന്ത്രിയെയോ കാബിനറ്റ് അംഗങ്ങളെയോ അറിയിച്ചില്ലെന്ന് വിക്രമസിംഗെ പക്ഷം ആരോപിച്ചു. വിക്രമസിംഗെയുമായി രാഷ്ട്രീയഭിന്നതകളുള്ളതിനാലാണ് സിരിസേന റിപ്പോര്‍ട്ട് തങ്ങള്‍ക്ക് കൈമാറാത്തതെന്ന് ആരോഗ്യമന്ത്രിയും സര്‍ക്കാര്‍ വക്താവുമായ രജിത സേനരത്‌നെ ചൊവ്വാഴ്ച ആരോപിച്ചു.

Related News