Loading ...

Home International

ശ്രീലങ്ക: രാഷ‌്ട്രീയ അനിശ‌്ചിതത്വം തുടരുന്നു; രണതുംഗയെ അറസ‌്റ്റ്‌ ചെയ്‌തു

  രാഷ‌്ട്രീയ പ്രതിസന്ധി മൂര്‍ച‌്ഛിക്കുന്നതിനിടെ ശ്രീലങ്കയില്‍ പെട്രോളിയം മന്ത്രിയായ മുന്‍ ക്രിക്കറ്റ് താരം അര്‍ജുന രണതുംഗയെ അറസ‌്റ്റുചെയ‌്തു. കഴിഞ്ഞദിവസം രണതുംഗയുടെ അംഗരക്ഷകന്റെ വെടിയേറ്റ‌് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുകൂലികളില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തിന്‌ പിന്നീട്‌ ജാമ്യം അനുവദിച്ചു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ അനുയായികള്‍ക്കുനേരെയുള്ള പകപോക്കലിന്റെ ഭാഗമാണ‌് അറ‌സ‌്റ്റെന്ന‌് ആക്ഷേപമുയര്‍ന്നു.


അതേസമയം, മഹിന്ദ രജപക‌്സെ പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റിലെത്തി ചുമതലകള്‍ ഏറ്റെടുത്തു. മന്ത്രിസഭയിലേക്ക് ധനം, നിയമം, വിദേശകാര്യം, ആഭ്യന്തരം വകുപ്പുകളിലേക്കു പുതിയ മന്ത്രിമാര്‍ ഉടന്‍ ചുമതലയേല്‍ക്കുമെന്നും രജപക‌്സെ അറിയിച്ചു. അതേസമയം, ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ വസതിയായ ടെംപിള്‍ ട്രീസ് റെനില്‍ വിക്രമസിംഗെ ഒഴിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രസി‍ഡന്റ് മൈത്രിപാല സിരിസേന കൊളംബോയില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ജനാധിപത്യമൂല്യങ്ങളും ഭരണഘടനാ വ്യവസ്ഥകളും പിന്തുടരാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറെസും യുഎസ് വിദേശ വകുപ്പും ആവശ്യപ്പെട്ടു.

അതേസമയം രാജ്യം ഉടന്‍ പൊതുതെരഞ്ഞെടുപ്പിലേക്ക‌് പോകുമെന്ന സൂചനയുമായി രജപക‌്സെ രംഗത്തെത്തി. രാജ്യംനേരിടുന്ന സാമ്ബത്തിക- രാഷ്ട്രീയ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള പദ്ധതിക്കായി ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തണമെന്ന് രാജപക്സെ പറഞ്ഞു. തനിക്കൊപ്പം ചേര്‍ന്ന രാഷ്ട്രീയ നേതാക്കളും പാര്‍ലമെന്റ് അംഗങ്ങളും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നില്‍ക്കുന്നത്. രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിന് എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടക്കേണ്ട ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ വധശ്രമത്തിന‌് പിന്നില്‍ റെനില്‍ വിക്രമസിംഗെ സര്‍ക്കാറിലെ ഒരു മന്ത്രിക്ക‌് പങ്കുള്ളതായി തെളിഞ്ഞതിനാലാണ‌് താന്‍ വിക്രമസിംഗെ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതെന്ന‌് പ്രസിഡന്റ‌് മൈത്രിപാല സിരിസേന അവകാശപ്പെട്ടു.

Related News