Loading ...

Home International

ആസിയ ബീബി; സുപ്രീം കോടതി വിധി നിര്‍ണ്ണായകം

ലാഹോര്‍: പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് തടവില്‍ കഴിയുന്ന ക്രൈസ്തവ യുവതി ആസിയ ബീബിയുടെ അന്തിമ അപ്പീലില്‍ നാളെ പാക്കിസ്ഥാനിലെ സുപ്രീംകോടതി വിധി പറയും. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആസിയ ബീബിയുടെ അഭിഭാഷകര്‍ നല്‍കിയ അപ്പീലിലാണ് മൂന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വിധി പറയുന്നത്. വധശിക്ഷയ്ക്കുളള വിധിയെ ഒന്നെങ്കില്‍ സുപ്രീംകോടതിക്ക് അസാധുവാക്കുകയോ, അല്ലെങ്കില്‍ വധശിക്ഷ നല്‍കണം എന്ന് ഉത്തരവിടുകയോ ചെയ്യാം. ആസിയ മോചിതയാകാന്‍ സാധ്യത ഉണ്ടെന്നും, അതിനായി നമ്മള്‍ക്ക് പ്രാര്‍ത്ഥിക്കുകയും, പ്രത്യാശ വയ്ക്കുകയും ചെയ്യാമെന്നും ആസിയായ്ക്കു വേണ്ടിയുള്ള നിയമ സഹായങ്ങള്‍ നല്‍കുന്ന റിനൈയ്‌സന്‍സ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോസഫ് നദീം പറഞ്ഞു.

ആസിയായുടെ അഭിഭാഷകര്‍ക്ക് കൂടി പറയാനുള്ള കാര്യങ്ങള്‍ കേട്ടിട്ടായിരിക്കും സുപ്രീംകോടതി ബെഞ്ച് അന്തിമ വിധി പ്രസ്താവിക്കുന്നത്. കെട്ടിചമച്ച ആരോപണങ്ങളുടെ ഇരയായി ഏതാണ്ട് ഒരു പതിറ്റാണ്ടായി ആസിയ ജയിലിലാണ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജോസഫ് നദീമും, ആസിയായുടെ ഭര്‍ത്താവായ ആഷിക്ക് മസിഹും ജയിലില്‍ എത്തി അവരെ കണ്ടിരുന്നു. നാളെ സുപ്രീംകോടതി വിധി പ്രതികൂലമായാല്‍ പാക്കിസ്ഥാന്‍ പ്രസിഡന്റിന് ദയാ ഹര്‍ജി നല്‍കാനുളള അവസരം ഉണ്ട്.

Related News