Loading ...

Home International

ആശങ്കയോടെ ലോകം - by ഹർഷ മാത്യു

ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നു കരുതപ്പെട്ടിരുന്ന ചൈനയിലെ ഓഹരി വിപണി തകർന്നടിയുന്നത് ആശങ്കയോടെ നോക്കുകയാണു ലോകം. ഈ മാസം മാത്രം 20% ഇടിവാണു ചൈനയിലെ മുഖ്യ ഓഹരി സൂചികകളിൽ. കഴിഞ്ഞ മാസം വിപണി താഴേക്കു പോയപ്പോൾ കൈപിടിച്ചുയർത്താൻ സർക്കാർ നടത്തിയ ശ്രമങ്ങൾ തിരിച്ചടിക്കുന്നതിന്റെ തെളിവുകൂടിയാണിപ്പോഴത്തെ ഇടിവ്.എപ്പോഴും സർക്കാരിന്റെ ഇടപെടലുള്ള ഒന്നാണു ചൈനയിലെ ഓഹരി വിപണി. ഷാങ്‌ഹായ് കോംപസിറ്റ് സൂചിക 2014 ജൂൺ മുതൽ ഇക്കൊല്ലം ജൂൺ വരെയുള്ള കാലയളവിൽ നേടിയത് 150% ഉയർച്ച. പിന്നീടിങ്ങോട്ട് ഉണ്ടായത് 40% തകർച്ചയും. കുതിപ്പു മാത്രം കാണാനിഷ്ടമുള്ള സർക്കാർ വിപണിയിൽ ഇടപെട്ടതിൽ അത്ഭുതമില്ല. പല രീതികളിലായിരുന്നു ഇടപെടൽ.

∙ ഓഹരി വാങ്ങാൻ ചൈനീസ് കേന്ദ്ര ബാങ്ക് ചൈന സെക്യൂരിറ്റീസ് ഫിനാൻസ് കോർപറേഷൻ (സിഎസ്എഫ്സി) എന്ന പൊതുമേഖലാ സ്ഥാപനത്തിലൂടെ ജനങ്ങൾക്കു വായ്പ ലഭ്യമാക്കി. ഇതു വിപണിയെ പിടിച്ചുനിർത്തുമെന്നു സർക്കാർ കരുതി.∙ ഓഹരി വിറ്റു മൂലധനം സമാഹരിക്കാൻ ആദ്യമായി വിപണിയിലെത്താനുള്ള മാർഗമായ ഇനിഷ്യൽ പബ്ലിക് ഓഫർ (ഐപിഒ) നിർത്തിവയ്പിച്ചു. നിലവിൽ വിപണിയിലുള്ള ഓഹരികൾ പുതിയവയുമായി മൽസരിക്കുന്ന സ്ഥിതി ഒഴിവാക്കാനാണിത്.∙ ഓരോ കമ്പനിയിലെയും പ്രധാന ഓഹരിയുടമകളും (അഞ്ചു ശതമാനത്തിലേറെ ഓഹരി കൈവശമുള്ളവർ) ഉയർന്ന പദവികളിലുള്ളവരും ബോർഡ് അംഗങ്ങളും ഓഹരി വിറ്റഴിക്കുന്നത് ആറു മാസത്തേക്കു നിരോധിച്ചു.∙ കമ്പനികൾ സ്വന്തം ഓഹരി വാങ്ങുകയോ എക്സിക്യൂട്ടിവുകളെയും ജീവനക്കാരെയും അതിനു പ്രേരിപ്പിക്കുകയോ വേണമെന്ന് ഓഹരി വിപണി നിയന്ത്രണ അധികൃതർ ഉത്തരവിട്ടു.ഇതൊക്കെ താൽക്കാലികമായി മാത്രമേ ഗുണം ചെയ്തുള്ളൂ; വിപണി വീണ്ടും തകർന്നു. വിപണിയിലേക്കു പണമെത്തിക്കാൻ തന്നെയാണു സർക്കാർ ഇക്കുറിയും ആലോചിച്ചത്. പ്രധാനപ്പെട്ട ഒരു പെൻഷൻ ഫണ്ടിന് ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ അനുമതി നൽകി. പക്ഷേ, വിപണി ആവേശം കാട്ടിയില്ല.ജൂലൈയിൽ 20000 കോടി ഡോളർ (ഏതാണ്ട് 13 ലക്ഷം കോടി രൂപ) സർക്കാർ ഇങ്ങനെ പല വിധത്തിൽ ഓഹരി വിപണിയിലെത്തിച്ചെന്നാണു കണക്ക്. എന്നാൽ ഈ രീതി നിരന്തരം സ്വീകരിച്ചാലേ വിപണി സ്ഥിരത നേടൂ എന്ന നിലയിലേക്കാണെത്തിയത്.ചൈനയുടെ ഓഹരി വിപണിയിൽ ജൂൺവരെ കണ്ട കുതിപ്പും രാജ്യത്തിന്റെ മൊത്തം സമ്പദ് വ്യവസ്ഥ (ജിഡിപി)യുടെ ആരോഗ്യവും യാഥാർഥ്യത്തിൽനിന്ന് എത്രയോ അകലെയായിരുന്നു എന്ന വിലയിരുത്തൽ ശക്തിപ്പെടുകയാണ്. യഥാർഥത്തിൽ, ഈ വെളിപ്പെടലാണ് ഓഹരിസൂചികയിലെ ഇടിവിനെക്കാൾ ആ രാജ്യത്തെ ബാധിക്കുക.കഴിഞ്ഞ വർഷവും ഓഹരി വിപണിയിൽ കുതിപ്പിനു വഴിയൊരുക്കാൻ നിക്ഷേപകർക്കു വായ്പ ലഭ്യമാക്കുകയായിരുന്നു സർക്കാർ. വിപണി 150% ഉയരാൻ ഇതും കാരണമായിരുന്നു.സാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ 7% വളർച്ച നേടിയെന്നാണ് ഔദ്യോഗിക കണക്ക്. വളർച്ച നിരക്ക് പെരുപ്പിച്ചു കാട്ടുകയാണു ചൈനയെന്നു പാശ്ചാത്യ സാമ്പത്തിക വിദഗ്ധർ പറയുന്നു. ഔദ്യോഗിക കണക്കുകളനുസരിച്ചുതന്നെ രാജ്യത്തു സാമ്പത്തികവളർച്ച കുറയുകയാണ്. 2005ൽ 10% ആയിരുന്നതാണ് ഇപ്പോൾ 7% ആയത്. വളർച്ച മന്ദഗതിയിലായതു രാജ്യത്തിന്റെ കറൻസിക്കുമേൽ വലിയ സമ്മർദം സൃഷ്ടിച്ചു. യുവാന്റെ മൂല്യം ഈ മാസം ആദ്യം നാലു ശതമാനത്തിനടുത്തു കുറയ്ക്കാൻ സർക്കാർ നിർബന്ധിതരായി. ഇതു ചൈനയിൽനിന്നുള്ള കയറ്റുമതി കൂടുതൽ ആകർഷകമാക്കുമെന്നും ആഭ്യന്തര വിപണി ഉത്തേജിപ്പിക്കുമെന്നുമായിരുന്നു പ്രതീക്ഷ. പക്ഷേ, അതും വിജയം കണ്ടില്ല.ചൈന ലോകമെങ്ങുമുള്ള രാജ്യങ്ങളിൽ വൻ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകൾ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതുകൂടിയാകുമ്പോൾ ആഗോളവിപണിയിൽ ചൈനപ്പേടി പടരുന്നതു സ്വാഭാവികം. ചൈനീസ് ഓഹരി വിപണിയിൽ ഇന്നലെ വ്യാപാരമവസാനിച്ച ശേഷം കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ച ഉത്തേജന നടപടികൾ യൂറോപ്യൻ, യുഎസ് ഓഹരി വിപണികളിൽ ഉണർവു പകർന്നു.ചൈനയിലെ പ്രതിസന്ധി ഗ്രീസിലെ പ്രതിസന്ധിയെക്കാൾ ലോകവിപണിയെ സ്വാധീനിക്കുന്ന സ്ഥിതിയാണെന്നുറപ്പ്.

Related News