Loading ...

Home International

ലോകത്ത് 4.7 കോടി മറവിരോഗികൾ

ലണ്ടൻ∙ ലോകത്ത് ഏകദേശം 4.7 കോടി മനുഷ്യർ മറവിരോഗവുമായി ജീവിക്കുന്നു. ഇതിൽ 41 ലക്ഷം ഇന്ത്യയിലും. 2050 ആകുമ്പോൾ ലോകത്തിലെ മറവിരോഗികളിൽ പകുതിയോളം ഏഷ്യൻരാജ്യങ്ങളിലായിരിക്കും. ലണ്ടൻ കിങ്സ് കോളജ് തയാറാക്കിയ ‘ദ് വേൾഡ് അൽഹൈമർ റിപ്പോർട്ട് 2015’ലാണ് ഈ കണ്ടെത്തലുകൾ.ഓരോ വർഷവും ലോകത്തു 99 ലക്ഷം പേരാണു മറവിരോഗത്തിന് അടിമകളാകുന്നത്. ഓരോ 20 വർഷം കഴിയുമ്പോഴും രോഗികളുടെ എണ്ണം ഇരട്ടിയാകും. 2050 ആകുമ്പോൾ ലോകത്തിലെ മറവിരോഗികൾ 13 കോടി കവിയുമെന്നാണു റിപ്പോർട്ടിലെ അനുമാനം.

ഈ വർഷത്തെ കണക്കുപ്രകാരം കിഴക്കൻ ഏഷ്യയാണ് ഏറ്റവും മറവിരോഗികളുള്ള മേഖല. 90.8 ലക്ഷം. തൊട്ടുപിന്നിൽ പടിഞ്ഞാറൻ യൂറോപ്പും–74 ലക്ഷം. പത്തുലക്ഷത്തിലേറെ മറവിരോഗികളുള്ള രാജ്യങ്ങൾ: ചൈന (95 ലക്ഷം), യുഎസ് (42 ലക്ഷം), ഇന്ത്യ (41 ലക്ഷം), ജപ്പാൻ (30.1 ലക്ഷം) ബ്രസീൽ (16 ലക്ഷം), ജർമനി (16 ലക്ഷം), ഇറ്റലി (12 ലക്ഷം), റഷ്യ (13 ലക്ഷം), ഇന്തൊനീഷ്യ (12 ലക്ഷം), ഫ്രാൻസ് (12 ലക്ഷം).ലോകജനസംഖ്യയിൽ പ്രായമേറിയവരുടെ എണ്ണം കൂടുന്നെന്നാണു പഠനത്തിലെ സൂചന. രോഗികളിൽ 58 ശതമാനവും കുറഞ്ഞവരുമാനക്കാരോ ഇടത്തരക്കാരോ ആണ്. ഉയർന്നുകൊണ്ടിരിക്കുന്ന ചികിൽസാച്ചെലവാണ് മുഖ്യപ്രശ്നം. 2010നുശേഷം 35 ശതമാനം വർധന ചികിൽസാച്ചെലവിലുണ്ടായി. കിങ്സ് കോളജിലെ പ്രഫ. മാർട്ടിൻ പ്രിൻസിന്റെ ഗവേഷണത്തെ ആധാരമാക്കിയാണു റിപ്പോർട്ട് തയാറാക്കിയത്.

Related News