Loading ...

Home International

സൗരയൂഥത്തിന് പുറത്ത് നാസ കണ്ടെത്തിയത് 5000 ഗ്രഹങ്ങളെ : 30 വര്‍ഷത്തെ നിരീക്ഷണഫലം

വാഷിങ്ടണ്‍ ഡി.സി: അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഗ്രഹങ്ങളുടെ (എക്സോപ്ലാനെറ്റ്സ്) എണ്ണം 5000 പിന്നിട്ടു.30 വര്‍ഷത്തെ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് നാസയുടെ ബഹിരാകാശ ദൂരദര്‍ശിനികള്‍ വിദൂരങ്ങളില്‍ നിലകൊള്ളുന്ന 5000 ഗ്രഹങ്ങളെ കണ്ടെത്തിയത്.സൗരയൂഥത്തിലെ പോലെ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങള്‍, രണ്ട് നക്ഷത്രങ്ങള്‍ക്കിടയില്‍ കറങ്ങുന്ന ഗ്രഹങ്ങള്‍, ജ്വലിച്ചുതീര്‍ന്ന നക്ഷത്രത്തെ ഇപ്പോഴും വലയംചെയ്യുന്ന ഗ്രഹങ്ങള്‍ എന്നിവയെല്ലാം നാസ ഇതുവരെ കണ്ടെത്തിയവയുടെ കൂട്ടത്തിലുണ്ട്. അതില്‍ പലതും ഭൂമിയേക്കാള്‍ വലുതാണ്. സൗരയൂഥത്തിലെ നെപ്ട്യൂണിന് സമാനമായ നിരവധി ഗ്രഹങ്ങളുമുണ്ട്.65 ഗ്രഹങ്ങളെ കൂടി കണ്ടെത്തിയത് മാര്‍ച്ച്‌ 21ന് നാസ സ്ഥിരീകരിച്ചതോടെയാണ് ആകെ എണ്ണം 5000 കടന്നത്. വിവിധ നിരീക്ഷണ ഉപാധികളും വിശകലന വിദ്യകളും വഴി തിരിച്ചറിഞ്ഞ്, ആധികാരിക ശാസ്ത്രജേണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട അന്യഗ്രഹങ്ങളുടെ പട്ടികയാണ് നാസ എക്സോപ്ലാനെറ്റ് ആര്‍ക്കൈവ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഓരോ ഗ്രഹവും ഓരോ ലോകമാണെന്നും ഓരോന്നിനെയും കണ്ടെത്തുമ്പോള്‍ അവയെ കുറിച്ചോര്‍ത്ത് ആവേശംകൊള്ളുകയാണെന്നും നാസ എക്സോപ്ലാനെറ്റ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയായ ജെസ്സി ക്രിസ്റ്റ്യന്‍സന്‍ പറ‍യുന്നു.ഈ ഗ്രഹങ്ങളില്‍ ഒന്നില്‍പോലും ജീവന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യത ശാസ്ത്രം തള്ളിക്കളയുന്നുമില്ല. ഇവയില്‍ ഭൂരിഭാഗം ഗ്രഹങ്ങളെയും കണ്ടെത്താനല്ലാതെ മറ്റ് പഠനങ്ങളൊന്നും സാധ്യമായിട്ടുമില്ല.എവിടെയെങ്കിലും നാം ജീവന്‍റെ സാന്നിധ്യം കണ്ടെത്തുമെന്ന കാര്യം തീര്‍ച്ചയാണെന്ന് 30 വര്‍ഷം മുമ്പ് സൗരയൂഥത്തിന് പുറത്തെ ആദ്യത്തെ ഗ്രഹത്തെ കണ്ടെത്തിയ പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ അലക്സാന്‍ഡര്‍ വോള്‍സ്ക്സാന്‍ പറയുന്നു. ചിലപ്പോള്‍ ആദിമരൂപത്തിലുള്ള ജീവനായിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Related News