Loading ...

Home International

കോമണ്‍വെല്‍ത്ത് നയിക്കുക ആരെന്നത് ചിന്തയിലില്ല'; രാജകുടുംബത്തിന് പുറത്തുള്ളവര്‍ക്കും സാധ്യതയെന്ന സൂചനയുമായി വില്യം രാജകുമാരന്‍

കോമണ്‍വെല്‍ത്തിന്റെ തലപ്പത്ത് രാജകുടുംബത്തിലെ ആരെങ്കിലും വേണമെന്ന കാര്യത്തില്‍ തനിക്ക് നിര്‍ബന്ധമൊന്നുമില്ലെന്ന സൂചന നല്‍കി വില്യം രാജകുമാരന്‍.
സംഘടനയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ബഹാമാസില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഭാര്യ കെയ്റ്റ് മിഡില്‍ടണിനൊപ്പം കരീബിയന്‍ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രയുടെ സമാപനവേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയടക്കം 54 രാജ്യങ്ങളാണ് കോമണ്‍വെല്‍ത്ത് സംഘടനയില്‍ അംഗമായിട്ടുള്ളത്.
"കാതറിനും ഞാനും സേവനം ചെയ്യാന്‍ പ്രതിജ്ഞാബദ്ധരാണ്. ആരെങ്കിലും എന്തെങ്കിലും ചെയ്യണമെന്നോ വേണ്ടെന്നോ പറയുകയയെന്നത് ഞങ്ങളുടെ രീതിയല്ല. സംഘടനയുടെ കാര്യങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ നടന്ന് കാണണമെന്ന് മാത്രമാണ് ആഗ്രഹം," വില്യം പറഞ്ഞു. കോമണ്‍വെല്‍ത്തിലെ ജനങ്ങളെ കേള്‍ക്കുകയും അവരുടെ വിഷയങ്ങളെ ആഗോളതലത്തില്‍ എത്തിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. അതിന് വേണ്ടിയാണ് ഇത്തരത്തില്‍ യാത്രകള്‍ നടത്തുന്നത്. കോമണ്‍വെല്‍ത്ത് കുടുംബം ആരെയാണ് ഭാവിനേതാവായി തെരഞ്ഞെടുക്കുകയെന്നത് തന്‍െറ പരിഗണനയിലുള്ള വിഷയമല്ലെന്നും പ്രിന്‍സ് വില്യം കൂട്ടിച്ചേര്‍ത്തു.എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയായി ചാള്‍സ് രാജകുമാരന്‍ സംഘടനയുടെ തലപ്പത്ത് വരണമെന്ന് 2018ല്‍ കോമണ്‍വെല്‍ത്ത് നേതാക്കളുടെ യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നിരുന്നു. എന്നാല്‍ രാജകുടുംബത്തിന് പുറത്തുള്ള നേതാക്കളെ ആരെയെങ്കിലും പുതിയ നേതാവായി പ്രഖ്യാപിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. പാരമ്ബര്യമായി നല്‍കുന്ന പദവിയായിട്ടില്ല കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലപ്പത്ത് ആര് വരണമെന്ന് നിശ്ചയിക്കപ്പെടുന്നത്. ബഹുമാനാര്‍ഥമായിട്ടാണ് ബ്രിട്ടീഷ് രാജകുടുംബത്തിന് ഈ പദവി നല്‍കിപ്പോരുന്നത്.ഈ സാഹചര്യത്തില്‍ വില്യം രാജകുമാരന്‍െറ പ്രസ്താവനയ്ക്ക് വ്യത്യസ്തമായ മാനങ്ങളുണ്ടെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച്‌ സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുടുംബത്തിലെ മറ്റുള്ളവരില്‍ നിന്ന് എത്ര വ്യത്യസ്തമായിട്ടായിരിക്കും താന്‍ മുന്നോട്ട് പോവുകയെന്നതിന്റെ സൂചനയാണ് അദ്ദേഹം നല്‍കുന്നത്. "ജനങ്ങളെ കേള്‍ക്കുകയെന്നതാണ് തന്‍െറ കടമയെന്ന് വില്യം രാജകുമാരന്‍ വിശ്വസിക്കുന്നു. വലിയ പ്രസംഗങ്ങള്‍ നടത്താന്‍ വേണ്ടിയല്ല അദ്ദേഹം എട്ട് ദിവസത്തെ കരീബിയന്‍ ടൂറിനായി എത്തിയിരിക്കുന്നത്. കോമണ്‍വെല്‍ത്തിന്‍െറ പുതിയ നേതാവ് ആരെന്നത് അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നില്ല. സംഘടനയുടെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യം" വില്യം രാജകുമാരനോട് അടുപ്പമുള്ള വൃത്തങ്ങള്‍ വിശദീകരിക്കുന്നു.എലിസബത്ത് രാജ്ഞിയുടെ ഭരണത്തിന്‍െറ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയില്‍ കരീബിയന്‍ മേഖലയില്‍ രാജകീയബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ കൂടി വേണ്ടിയാണ് വില്യമും കെയ്റ്റും സന്ദര്‍ശനം നടത്തുന്നത്. ജമൈക്കയും ബെലീസും ബ്രിട്ടീഷ് രാജകുടുംബത്തെ തങ്ങളുടെ ഔദ്യോഗിക രാഷ്ട്രത്തലവന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ട്. കരീബിയന്‍ രാജ്യമായ ബാര്‍ബഡോസ് ബ്രിട്ടീഷ് രാജ്ഞിയെ തങ്ങളുടെ ഔദ്യോഗിക രാഷ്ട്രത്തലവന്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തിരുന്നു. ഇത്തരത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ട് വരുമെന്ന് രാജകുടുംബം ആശങ്കപ്പെടുന്നുണ്ട്."ബെലീസിലും ജമൈക്കയിലും ബഹാമാസിലും ഭാവി എന്താണെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. എന്നാല്‍ ഈ മൂന്ന് രാജ്യങ്ങളിലെയും ജനങ്ങളുമായി സംവദിക്കാന്‍ സാധിച്ചത് ഏറെ സന്തോഷം പകരുന്നു. അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചു," വില്യം രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

Related News