Loading ...

Home International

ജപ്പാനില്‍ ഭൂചലനം; രാജ്യത്ത് സുനാമി മുന്നറിയിപ്പ്

ജപ്പാനിലെ ഫുകുഷിമയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഫുകുഷിമ തീരത്ത് സമുദ്ര നിരപ്പില്‍ നിന്ന് 60 കിലോമീറ്റര്‍ അടിയിലാണ്. ഭൂചനലനത്തില്‍ രണ്ട് പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഒരു വര്‍ഷം മുമ്പ് 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്ന വടക്കന്‍ ജപ്പാന്‍റെ ഭാഗത്താണ് ബുധനാഴ്ച വൈകീട്ട് ഭൂചലനമുണ്ടായത്. രാജ്യത്തെ ഇരുപത് ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി. ടോക്കിയോ നഗരത്തില്‍ മാത്രം ഏഴ് ലക്ഷത്തോളം വീടുകളാണ് വൈദ്യുതി നിലച്ചത്. ടോക്കിയോയിലടക്കം ട്രെയിന്‍ ഗതാഗതം താറുമാറായി. സ്ഥിതിഗതികള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ പറഞ്ഞു.ഫുകുഷിമ ആണവ നിലയത്തിന് ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യത ഉണ്ടായിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും ഭൂചലനമുണ്ടാകുമെന്നാണ് കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്. വടക്കു കിഴക്കന്‍ മേഖലകളിലാണ് നിലവില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
അതേസമയം, തെക്കന്‍ ഇറാനിലും ഭൂചലനമുണ്ടായി. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.45നായിരുന്നു ഭൂചലനം. ഇറാനിലെ ഹൊര്‍മോസ്ഗന്‍ പ്രവിശ്യയിലെ ഖൂഹെര്‍ദില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 5.9 വ്യാപ്തി രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം യു.എ.ഇയിലും അനുഭവപ്പെട്ടു. ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇക്കാര്യം യു.എ.ഇ കാലാവസ്ഥാ ഭൗമനിരീക്ഷണ കേന്ദ്രവും സ്ഥിരീകരിച്ചു. എന്നാല്‍, യു.എ.ഇയില്‍ എവിടെയും നാശനഷ്ടമുള്ളതായി റിപ്പോര്‍ട്ടില്ല.

Related News