Loading ...

Home International

റഷ്യക്കെതിരായ യുഎന്‍ പ്രമേയം;അനുകൂലിച്ച് 141 രാജ്യങ്ങള്‍, എതിർത്തത് അഞ്ച്, വിട്ടു നിന്ന് ഇന്ത്യ ഉള്‍പ്പടെ 35 രാജ്യങ്ങള്‍


റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തുന്നതിനെതിരായ പ്രമേയം യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത് 141 രാജ്യങ്ങള്‍. അഞ്ച് രാജ്യങ്ങളാണ് എതിര്‍ത്തത്. റഷ്യയ്ക്ക് പുറമേ, ബെലാറുസ്, സിറിയ, ഉത്തര കൊറിയ, എറിത്രിയ എന്നീ നാല് രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ ഉള്‍പ്പടെ 35 രാജ്യങ്ങള്‍ വിട്ടുനിന്നു. യുക്രൈന്‍ വിഷയത്തില്‍ യുഎന്നിലെ വോട്ടെടുപ്പില്‍ നിന്ന് നാലാം തവണയാണ് ഇന്ത്യ മാറിനില്‍ക്കുന്നത്. യുക്രൈനിലെ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ വളരെയധികം ആശങ്കാകുലരാണെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു.

”അന്താരാഷ്ട്ര സമൂഹത്തിന്റെ വെടിനിര്‍ത്തലിനുള്ള ആഹ്വാനത്തെ ഇന്ത്യയും പിന്തുണയ്ക്കുന്നു. നയതന്ത്രത്തിലൂടെയും ചര്‍ച്ചയിലൂടെയും മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ എന്ന നയത്തില്‍ ഉറച്ചുനില്‍ക്കുന്നു. യുക്രൈനും റഷ്യയും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകളില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ഉള്‍പ്പടെ ഇന്ത്യ ഇതിനകംതന്നെ യുക്രൈനിലേക്ക് മാനുഷിക സഹായം അയച്ചിട്ടുണ്ട്.” തിരുമൂര്‍ത്തി വ്യക്തമാക്കി.

യുഎന്‍ സുരക്ഷാ സമിതിയില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമൊപ്പം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന യുഎഇ പൊതുസഭയില്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇന്ത്യയ്ക്ക് പുറമേ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളായ കിര്‍ഖിസ്ഥാന്‍, കസാക്കിസ്ഥാന്‍, അര്‍മേനിയ, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുഎന്‍ പൊതുസഭയിലെ പ്രമേയത്തിന് പ്രതീകാത്മകമായ പ്രാധാന്യം മാത്രമേയുള്ളൂവെങ്കിലും പ്രമേയം പാസായത് യുഎസിനും സഖ്യകക്ഷികള്‍ക്കും നയതന്ത്ര വിജയമാണ്.

റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ യുക്രൈനില്‍ നിന്ന് പത്ത് ലക്ഷത്തില്‍ അധികം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്.യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറിന്റെ വെബ്സൈറ്റിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. റഷ്യന്‍ അധിനിവേശം 8 ദിവസം പിന്നിടുമ്പോള്‍ അഭയാര്‍ത്ഥിപ്രവാഹവും തുടരുകയാണ്. പകുതിയിലധികം പേരും അയല്‍ രാജ്യമായ പടിഞ്ഞാറന്‍ പോളണ്ടിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News