Loading ...

Home International

കാർബൺ നികുതി അഞ്ചിരട്ടിയാക്കാനൊരുങ്ങി സിംഗപ്പൂർ

കാർബൺ നികുതി അഞ്ചിരട്ടിയായി വർധിപ്പിക്കാനൊരുങ്ങി സിംഗപ്പൂർ. 2024ലോടെ ഒരു ടണ്ണിന് 25 സിംഗപ്പൂർ ഡോളറായി ഉയർത്തുമെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് നൽകുന്ന വിവരം. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറക്കാൻ വേണ്ടിയാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയതെന്നാണ് ധനമന്ത്രി ലോറൻസ് വോംഗ് പറയുന്നത്. 2050 ആകുമ്പോഴേക്കും സുംഗപ്പൂർ ഈ ലക്ഷ്യത്തിലെത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

"ഏഷ്യയിലെ ഒരു പ്രധാന എണ്ണ ശുദ്ധീകരണ, പെട്രോകെമിക്കൽ കയറ്റുമതി രാജ്യമായ സിംഗപ്പൂർ കാർബൺ നികുതി വർധിപ്പിക്കാൻ ഒരുങ്ങുന്നു. 2024 നു പുറമെ 2026 ലും 2027 ലും കാർബൺ നികുതി 45 സിംഗപ്പൂർ ഡോളറായി ഉയർത്തും. മാത്രമല്ല 2030 ഓടെ 50 മുതൽ 80 സിംഗപ്പൂർ ഡോളറായും നികുതി വർധിപ്പക്കും." -- ബജറ്റ് പ്രസംഗത്തിനിടെ ലോറൻസ് വോംഗ് വ്യക്തമാക്കി. നിലവിൽ ഒരു ടൺ ഉദ്വമനത്തിന് അഞ്ച് ഡോളറാണ് നികുതി ഈടാക്കുന്നത്. അത് 2024 വരെ തുടരും.

കാർബൺ പുറന്തള്ളലിന് വിലനിർണ്ണയക്കുന്ന പദ്ധതി ആദ്യമായി അവതരിപ്പിച്ച ഏഷ്യൻ രാജ്യമാണ് സിംഗപ്പൂർ. പ്രതിവർഷം 25,000 ടണ്ണോ അതിലധികമോ ഹരിതഗൃഹ വാതകം ഉദ്വമനം ചെയ്യുന്ന എല്ലാവർക്കും കാർബൺ നികുതി ബാധകമാണ്. അതിൽ എണ്ണ ശുദ്ധീകരണശാലകളും പവർ പ്ലാന്റുകളും ഉൾപ്പെടുന്നു.

"ഇത്തരത്തിൽ നികുതി വർധിപ്പിക്കുന്നതും സർക്കാരിന്റെ ശക്തമായ നയങ്ങളും ഹരിതഗൃഹ വാതകത്തിന്റെ പുറന്തള്ളൽ കുറക്കാൻ സഹായിക്കും. മാത്രമല്ല വ്യവസായ സ്ഥാപനങ്ങളെയും മറ്റും ബദൽ മാർഗ്ഗത്തിനായുള്ള കണ്ടെത്തലുകൾ നടത്താനും ഗവേഷണങ്ങൾ ചെയ്യാനും ഇത് പ്രോത്സാഹിപ്പിക്കും. നികുതി തുക താങ്ങാനാവില്ല എങ്കിൽ കാർബൺ നിർമ്മാതാക്കൾ മലിനീകരണം കുറയ്ക്കാൻ ശ്രമിക്കും എന്നതും ഒരു വസ്തുതയാണ്. മാത്രമല്ല കാർബൺ കയറ്റുമതി സിംഗപ്പൂരിന്റെ സമ്പദ്വ്യവസ്ഥക്ക് കരുത്തേകുന്നുണ്ടെന്നതിനാൽ നികുതി വർധിപ്പിക്കുന്നത് രാജ്യത്തിന് ഏറെ ഗുണം ചെയ്യും." -- റിഫൈനറി നടത്തുന്ന എക്സോൺ മൊബിലിന്റെ (XOM.N) വക്താവ് പറഞ്ഞു. ലോകത്തിലെ തന്നെ വലിയ റിഫൈനറിയാണ് എക്സോൺ മൊബിൽ.

സിംഗപ്പൂരും യൂറോപ്യൻ യൂണിയനിലെ നിരവധി അംഗരാജ്യങ്ങളും ഉൾപ്പെടെ 40 ലധികം രാജ്യങ്ങളാണ് നിലവിൽ കാർബൺ നികുതി ഏർപ്പെടുത്തിയിട്ടുള്ളത്.

Related News