Loading ...

Home International

ആണവായുധം സൂക്ഷിക്കാനുള്ള ഭരണഘടനാ ഭേദഗതി പാസാക്കി ബെലറൂസ്

യുക്രെയിനെതിരായ റഷ്യന്‍ ആക്രമണം അഞ്ചാം ദിവസവും തുടരുന്നതിനിടെ നിര്‍ണായകമായ ഭരണഘടന ഭേദഗതിയുമായി അയല്‍ രാജ്യമായ ബെലറൂസ്.ആണവായുധങ്ങള്‍ രാജ്യത്ത് സൂക്ഷിക്കാനുള്ള ഭരണഘടനാ ഭേദഗതിയാണ് ബെലറൂസ് തിരക്കിട്ട് പാസാക്കിയത്. യുക്രെയിനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന റഷ്യയുടെ ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് ബെലറൂസിന്റെ നീക്കം.

ബെലറൂസിലൂടെ റഷ്യന്‍ സേന യുക്രെയിനി​ലേക്ക് പ്രവേശിക്കുന്നുണ്ട്. യുക്രെയിനെ ആക്രമിക്കാന്‍ ബെലറൂസിന്റെ മണ്ണ് റഷ്യ വലിയ ​തോതില്‍ ഉപയോഗിക്കുന്നുണ്ട്. റഷ്യയുടെ നിഴല്‍ പോലെ പ്രവര്‍ത്തിക്കുന്ന ബെലറൂസ് ആണവ ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള ഭരണഘടന ഭേദഗതി പാസാക്കിയത് മേഖലയില്‍ ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്.

ബെലാറൂസ് അതിര്‍ത്തിയില്‍നിന്നുള്ള മിസൈല്‍ പരിധിയിയില്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവും ഉള്‍പ്പെടും. ആണവ പ്രതിരോധ സേനയെ സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്താന്‍ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയാണ് റഷ്യ. യുക്രെയ്നിലെ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെടുന്ന ഏതൊരു രാജ്യത്തിനും എതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യ പറഞ്ഞിരുന്നു. അതേസമയം, ബെലാറൂസ് അതിര്‍ത്തി നഗരമായ ഗോമലില്‍ റഷ്യന്‍-യുക്രെയ്ന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നുണ്ട്.

ബെലറൂസില്‍ റഷ്യന്‍ ആണവായുധങ്ങള്‍ സൂക്ഷിക്കാനുള്ള ഭരണഘടന ഭേദഗതിക്ക് ഹിത പരിശോധനയില്‍ 70 ശതമാനത്തോളം വോട്ട് ലഭിച്ചുവെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണഘടന ഭേദഗതിക്ക് 50 ശതമാനത്തിലധികം വോട്ടാണ് വേണ്ടത്. ബെലറൂസില്‍ 1994 മുതല്‍ അധികാരത്തില്‍ തുടരുന്ന അലക്സാണ്ടര്‍ ലുകാഷെ​​ങ്കോക്ക് 2036 വരെ തുടരാനുള്ള ഭരണഘടനാ ഭേദഗതിയും ഇതോടൊപ്പാ പാസാക്കിയിട്ടുണ്ട്.

അതേസമയം, യുക്രെയിന്‍ ആക്രമണത്തിനും ഭരണഘടനാ ഭേദഗതിക്കും എതിരായി ബെലറൂസില്‍ പ്രതിഷേധം കനക്കുന്നുണ്ട്. കഴിഞ്ഞ ദിവസം യുക്രെയിന്‍ പതാകകളുമായി തെരുവിലറങ്ങിയ 500  ഓളം ആളുകളെ ബെലറൂസ് തടവിലാക്കിയിരുന്നു.

Related News