Loading ...

Home International

രാജ്യാന്തര മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങള്‍ ശക്തമാക്കി തുര്‍ക്കി

രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിയതിന് സമാനമായി വിദേശ മാധ്യമങ്ങളെ കൂടി വിലക്കാന്‍ ശ്രമം തുടങ്ങി തുര്‍ക്കി. രജബ് ത്വയിബ്‌ ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച, തുര്‍ക്കിയിലെ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ സുപ്രിം കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വോയ്‌സ് ഓഫ് അമേരിക്കയുടെ ഓണ്‍ലൈന്‍ ബ്രോഡ്കാസ്റ്റിങ് ലൈസന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ 72 മണിക്കൂര്‍ സമയം അനുവദിക്കുകയുണ്ടായി. അത് പാലിക്കാത്ത ചാനലുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നാണ് വിശദീകരണം.അതേസമയം മാധ്യമങ്ങളോടുള്ള സര്‍ക്കാരിന്റെ ഈ സമീപനം, ജനാധിപത്യത്തിന്റെയും പത്ര സ്വാതന്ത്ര്യത്തിന്റെയും അവകാശലംഘനമാണെന്ന് വോയ്‌സ് ഓഫ് അമേരിക്ക വക്താവ് ബ്രിട്‌ജെറ്റ് സെര്‍ചാക് പ്രതികരിച്ചു. വിഷയത്തില്‍ എതിര്‍ചേരിയിലുള്ള് മറ്റ് രണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ തങ്ങളുടെ പ്രതികരണമറിയിച്ചിട്ടില്ല.

പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വന്നതിനുശേഷം, നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം എന്നിവയുള്‍പ്പെടെ വിവിധ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ലൈസന്‍സിനായി അപേക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ കാര്യത്തില്‍ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ സുപ്രിം കൗണ്‍സില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. നിലവില്‍ തുര്‍ക്കിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്ന ദൃശ്യ, പത്ര മാധ്യമങ്ങളെയും മറ്റ് വെബ്‌സൈറ്റുകളെയും വാര്‍ത്താവിതരണ മന്ത്രാലയം നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്.

Related News