Loading ...

Home International

ചൈനയുടെ റോക്കറ്റുകളിലൊന്ന് മാര്‍ച്ചില്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുമെന്ന് റിപ്പോർട്ടുകൾ

മാര്‍ച്ച്‌ ആദ്യവാരം ചന്ദ്രനില്‍ ഇടിച്ചിറങ്ങുമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയത് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് വിക്ഷേപിച്ച ഫാല്‍ക്കണ്‍ റോക്കറ്റല്ല.ചൈന വിക്ഷേപിച്ച റോക്കറ്റുകളിലൊന്നാണ് വരുന്ന മാര്‍ച്ചില്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയെന്നാണ് പുതിയ വിവരം. 2015ല്‍ വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ചന്ദ്രനില്‍ ഇടിക്കുന്നതെന്നായിരുന്നു ഇതുവരെ ധരിച്ചിരുന്നത്.ചൈനയുടെ ചാന്ദ്ര ദൗത്യത്തിന്‍റെ ഭാഗമായി 2014ല്‍ ചാങ് 5-ടി1 എന്ന ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ ഉപയോഗിച്ച റോക്കറ്റാണ് നിയന്ത്രണംവിട്ട് കാലക്രമേണ ചന്ദ്രനിലേക്ക് തന്നെ പതിക്കുന്നത്.

ബില്‍ ഗ്രേ എന്ന ബഹിരാകാശ നിരീക്ഷകനാണ് ദൗത്യത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട ഒരു റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങുമെന്ന വിവരം ആദ്യമായി പുറത്തുവിട്ടത്. സ്പേസ് എക്സ് 2015ല്‍ ഫ്ലോറിഡയില്‍ നിന്ന് വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ഇന്ധനം തീര്‍ന്ന റോക്കറ്റ് ചന്ദ്രനും ഭൂമിക്കുമിടയിലായി ഏഴ് വര്‍ഷമായി ഭ്രമണം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.എന്നാല്‍, റോക്കറ്റിനെ കൃത്യമായി തിരിച്ചറിയുന്നതില്‍ തനിക്ക് തെറ്റുപറ്റിയെന്നും ഫാല്‍ക്കണ്‍-9 അല്ല, ചൈനയുടെ റോക്കറ്റാണ് ചന്ദ്രനുമായി കൂട്ടിയിടിക്കാന്‍ പോകുന്നതെന്നും ബില്‍ ഗ്രേ കഴിഞ്ഞ ദിവസം പറഞ്ഞു. മാര്‍ച്ച്‌ നാലിന് റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂട്ടിയിടി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സ്പേസ് എക്സിന് ബഹിരാകാശ മേഖലയില്‍ വ്യാപക വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ദൗത്യം പൂര്‍ത്തിയാക്കിയ വിക്ഷേപണ വാഹനങ്ങളെ കൃത്യമായി നിര്‍മാര്‍ജനം ചെയ്യുന്നതില്‍ വരുത്തിയ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. നേരത്തെ, സ്പേസ് എക്സിന്‍റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹം രണ്ട് തവണ ചൈനീസ് സ്പേസ് സ്റ്റേഷനായ ടിയാങ്ഗോങിന് സമീപമെത്തിയപ്പോഴും വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍, വിമര്‍ശനങ്ങള്‍ ചൈനക്ക് നേരെ തിരിയുന്ന സാഹചര്യമാണിപ്പോഴുണ്ടായത്.അതേസമയം, ചന്ദ്രനിലേക്കുള്ള റോക്കറ്റിന്‍റെ പതനം അപകടകരമല്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ചെറിയൊരു ഗര്‍ത്തം ചന്ദ്രനില്‍ ഇത് സൃഷ്ടിക്കും. റോക്കറ്റിന്‍റെ പതനം നിരീക്ഷിക്കുമെന്ന് നാസ നേരത്തെ വ്യക്തമാക്കിയിരുന്നു. നാസയുടെ ചന്ദ്രോപഗ്രഹമായ ലൂണാര്‍ റെക്കണൈസെന്‍സ് ഓര്‍ബിറ്റര്‍ വഴി റോക്കറ്റ് ചന്ദ്രനില്‍ പതിക്കുന്നതിന്‍റെ ആഘാതം പഠിക്കും.

Related News