Loading ...

Home International

ട്രക്ക് ഡ്രൈവര്‍മാരുടെ ഉപരോധം;കാനഡയില്‍ അടിയന്തരാവസ്ഥ നിയമം നടപ്പാക്കിയതായി ജസ്റ്റിന്‍ ട്രൂഡോ

കാനഡയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച്‌ ട്രക്ക് ഡ്രൈവര്‍മാര്‍ ആരംഭിച്ച റോഡ് ഉപരോധം നിയന്ത്രണ വിധേയമാക്കാന്‍ അടിയന്തരാവസ്ഥാ നിയമങ്ങള്‍ പ്രയോഗിക്കാനൊരുങ്ങി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.കനേഡിയന്‍ ചരിത്രത്തില്‍ അടിയന്തരാവസ്ഥ അധികാരങ്ങള്‍ പ്രയോഗിക്കുന്നത് രണ്ടാം തവണയാണ്.

'ഉപരോധങ്ങളും സമരങ്ങളും നിയന്ത്രണ വിധേയമാക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് എമര്‍ജന്‍സി ആക്‌ട് പ്രയോഗിച്ചു' -ട്രൂഡോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിര്‍ത്തിയില്‍ റൈഫിളുകള്‍, കൈത്തോക്കുകള്‍, ബോഡി കവചങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവയുമായി 11 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി ഫെഡറല്‍ പൊലീസ് അറിയിച്ചു.അതേസമയം, കാനഡയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച്‌ ട്രക്ക് ഡ്രൈവര്‍മാര്‍ ആരംഭിച്ച റോഡ് ഉപരോധം തുടരുകയാണ്. യു.എസിലെ ഡെട്രോയിറ്റിലേക്കുള്ള പ്രധാന അതിര്‍ത്തിപാതയിലെ അംബാസഡര്‍ പാലം ഉപരോധിച്ച ട്രക്കുകള്‍ നീക്കി പൊലീസ് ഗതാഗതം പുനരാരംഭിച്ചെങ്കിലും ഒട്ടേറെ നഗരങ്ങളില്‍ പ്രതിഷേധപ്രകടനങ്ങളും റോഡ് ഉപരോധവും തുടരുകയാണ്. തലസ്ഥാന നഗരമായ ഒട്ടാവയില്‍ കടുത്ത തണുപ്പിലും ഇന്നലെ നാലായിരത്തോളം പേര്‍ നടത്തിയ പ്രകടനം ഗതാഗതം സ്തംഭിപ്പിച്ചിരുന്നു.

ശനിയാഴ്ച വൈകിട്ടു മുതല്‍ കോണ്‍ക്രീറ്റ് സ്ലാബുകളും മറ്റും സ്ഥാപിച്ച്‌ സമരക്കാര്‍ റോഡില്‍ തടസ്സമുണ്ടാക്കി. സമരം നേരിടാന്‍ പ്രവിശ്യാ അധികൃതരെക്കൂടി ഉള്‍പ്പെടുത്തി കമാന്‍ഡ് സെന്ററിന് രൂപം കൊടുത്തു. വ്യാപാര പ്രതിസന്ധിക്കു ഇടയാക്കിയ കോവിഡ് വാക്സിന്‍ വിരുദ്ധ സമരം ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കും പടര്‍ന്നിട്ടുണ്ട്.അതിര്‍ത്തി കടന്നുവരുന്ന ട്രക്കുകളില്‍ ഡ്രൈവര്‍ക്കു കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരെയാണ് കാനഡയില്‍ പ്രക്ഷോഭം തുടങ്ങിയത്.


Related News