Loading ...

Home International

നട്ടെല്ല് തളര്‍ന്ന രോഗികള്‍ക്ക് വീണ്ടും നടന്നു തുടങ്ങാം; നാഴികക്കല്ലായി സ്‌പൈനല്‍ കോഡ് ഇംപ്ലാന്റ്

ആധുനിക വൈദ്യശാസ്ത്രത്തില്‍ ചരിത്രം കുറിച്ചുകൊണ്ട് ശരീരം തളര്‍ന്നുപോയ രോഗികള്‍ക്ക് ആശ്വാസമായി പുതിയ സ്‌പൈനല്‍ കോര്‍ഡ് ഇംപ്ലാന്റേഷന്‍ (Spinal Cord Implant) ചികിത്സ.സ്‌പൈനല്‍ കോര്‍ഡ് ഇംപ്ലാന്റേഷനിലൂടെ മിഷേല്‍ റൊക്കാറ്റി  എന്ന വ്യക്തിക്ക് ഇപ്പോള്‍ പുതു ജീവന്‍ കിട്ടിയിരിക്കുകയാണ്‌.


2017ല്‍ ഒരു മോട്ടോര്‍ ബൈക്ക് അപകടത്തില്‍ മിഷേലിന്റെ ശരീരത്തിന്റെ താഴേഭാഗം പൂര്‍ണ്ണമായും തളര്‍ന്നുപോയിരുന്നു. എന്നാല്‍ 2020ല്‍ സുഷുമ്നാ നാഡി ഇംപ്ലാന്റേഷന്റെ പിന്‍ബലത്തില്‍ അദ്ദേഹം വീണ്ടും നടന്നു തുടങ്ങി. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ അനുകരിച്ചുകൊണ്ട് പേശികളിലേക്ക് ഇംപ്ലാന്റ് ഇലക്‌ട്രിക്കല്‍ തരംഗങ്ങള്‍ അയയ്ക്കുന്ന ചികിത്സാ രീതിയാണിത്. ഗുരുതരമായി നട്ടെല്ലിന് പരിക്കേറ്റ ആളുകള്‍ക്ക് വീണ്ടും നില്‍ക്കാനും നടക്കാനും വ്യായാമം ചെയ്യാനുമൊക്കെ ഈ ഇംപ്ലാന്റേഷനിലൂടെ കഴിയും.

ഇലക്‌ട്രിക്കല്‍ പള്‍സുകള്‍ ഉപയോഗിച്ച്‌, നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ട് ദീര്‍ഘകാലമായി നടക്കുന്ന ഗവേഷണങ്ങളുടെ ഫലമാണ് ഈ ഇംപ്ലാന്റേഷന്‍. ഈ അത്യാധുനിക ചികിത്സാരീതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച അതേ സംഘം തന്നെ 2018ല്‍ നടത്തിയ പഠനവും ഇതിന് സഹായകരമായിട്ടുണ്ട്.

ഇലക്‌ട്രിക്കല്‍ പള്‍സുകളുടെ സഹായത്തോടെ ചുവടു വെച്ചതിന് ശേഷം റൊക്കറ്റി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് അത് വളരെ വൈകാരികമായ അനുഭവമായിരുന്നു എന്നാണ്. വീട്ടില്‍ എല്ലാ ദിവസവും ഇംപ്ലാന്റിന്റെ സഹായത്തോടെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ശരീരം കൂടുതല്‍ ശക്തി പ്രാപിക്കുന്നതായി തോന്നുന്നുണ്ടെന്നും പിന്നീട് റോക്കാറ്റി പ്രതികരിച്ചു. "എല്ലാ ദിവസവും പ്രകടമായി തന്നെ പുരോഗതി കാണുന്നുണ്ട്. ഇത് ഉപയോഗിക്കുമ്ബോള്‍ എനിക്ക് കൂടുതല്‍ ആശ്വാസവും ആത്മവിശ്വാസവും തോന്നുന്നു", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേച്ചര്‍ മെഡിസിന്‍ എന്ന ജേണലില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനാസ്പദമായ പഠനത്തില്‍ ഉള്‍പ്പെട്ട മൂന്ന് രോഗികളില്‍ ഒരാളായിരുന്നു അദ്ദേഹം. അപകടത്തിന് ശേഷം ശരീരം തളര്‍ന്നു പോയവരായിരുന്നു ഇവര്‍ മൂന്ന് പേരും. ആറ് സെന്റിമീറ്റര്‍ വലിപ്പമുള്ള ഇംപ്ലാന്റ് ശരീരത്തില്‍ ഉറപ്പിക്കുകയും അതിന്റെ പള്‍സുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ മൂന്ന് പേര്‍ക്കും നടക്കാന്‍ കഴിഞ്ഞത് ആധുനിക വൈദ്യചികിത്സയ്ക്ക് അഭിമാനകരമായ നേട്ടമാണ്.

Related News