Loading ...

Home International

മഡഗാസ്‌കറിനെ പിടിച്ചുലച്ച്‌ ബത്‌സിറായ് ചുഴലിക്കാറ്റ്;പലായനം ചെയ്തത് അരലക്ഷം പേര്‍

മഡഗാസ്‌കറിനെ പിടിച്ചുലച്ച്‌ ബത്‌സിറായ് ചുഴലിക്കാറ്റ് . ആറോളം പേര്‍ കൊല്ലപ്പെടുകയും 50,000-ത്തോളം പേര്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്യുകയും ചെയ്തു.രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ അടിക്കുന്ന രണ്ടാമത്തെ വലിയ കൊടുങ്കാറ്റാണിത് . കിഴക്കന്‍ തീരത്ത് 235km/h വേഗതയില്‍ കാറ്റ് വീശിയടിക്കുകയും തിരമാലകള്‍ ഉയരുകയും ചെയ്തു. ഗ്രാമങ്ങള്‍ മുഴുവനും ഏതാണ്ട് പൂര്‍ണ്ണമായും നശിച്ചതായാണ് റിപ്പോര്‍ട്ട്.ചുഴലിക്കാറ്റ് ഇപ്പോള്‍ ദുര്‍ബലമായതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ മാസം 55 പേരുടെ മരണത്തിനിടയാക്കിയ അന ചുഴലിക്കാറ്റും മഡഗാസ്‌കറില്‍ നാശം വിതച്ചിരുന്നു . ബത്‌സിറായ് ചുഴലിക്കാറ്റും ഇത്തവണ ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി . തലസ്ഥാനമായ അന്റനാനറിവോയില്‍ നിന്ന് 530 കിലോമീറ്റര്‍ തെക്ക്-കിഴക്കന്‍ നഗരമായ മനാഞ്ജരിക്ക് സമീപം ശനിയാഴ്ച പ്രാദേശിക സമയം എട്ട് മണിയോടെയാണ് ബത്‌സിറായ് തീരം തൊട്ടത്.

നോസി വരിക്ക നഗരം ഏതാണ്ട് 95% നശിച്ചു. വീടുകളുടെ കാറ്റില്‍ മേല്‍ക്കൂരകള്‍ പറന്നുപോയി. തടികൊണ്ടുള്ള കുടിലുകള്‍ ഭൂരിഭാഗവും നശിച്ചു . പല ഗ്രാമങ്ങളും ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതായെന്നും പരിസ്ഥിതി മന്ത്രി വഹിനാല രഹാരിനിരിന പറഞ്ഞു.ദുരന്തനിവാരണ ഏജന്‍സിയുടെ കണക്കനുസരിച്ച്‌ 48,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

മൊസാംബിക്, മലാവി, സിംബാബ്‌വെ എന്നിവിടങ്ങളില്‍ വീശിയടിച്ച അന കൊടുങ്കാറ്റിനേക്കാള്‍ ബത്‌സിറായ് ചുഴലിക്കാറ്റ് കൂടുതല്‍ വിനാശകരമാണെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നുണ്ട് . മഡഗാസ്ക്കര്‍ അന്താരാഷ്‌ട്ര സമൂഹത്തോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

Related News