Loading ...

Home International

ഉക്രൈൻ പ്രതിസന്ധി; യു.എന്‍ രക്ഷാസമിതി വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു

ഉക്രൈൻ പ്രതിസന്ധി ചര്‍ച്ചചെയ്യാനുള്ള ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗത്തിലെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു.10 രാജ്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ രണ്ട് രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. മൂന്ന് രാജ്യങ്ങള്‍ വിട്ടുനിന്നു.

ഇന്ത്യയെ കൂടാതെ ഗാബോണ്‍, കെനിയ എന്നീ രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. യു.എസ്, യു.കെ, ഫ്രാന്‍സ്, യു.എ.ഇ, ഘാന, അല്‍ബേനിയ, നോര്‍വേ, ബ്രസീല്‍, മെക്സിക്കോ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ റഷ്യയും ചൈനയുമാണ് എതിര്‍ത്തത്. അഞ്ച് സ്ഥിരാംഗങ്ങളും രണ്ടുവര്‍ഷത്തേക്ക് തിരഞ്ഞെടുക്കുന്ന 10 അംഗരാജ്യങ്ങളും ഉള്‍പ്പെടെ 15 രാജ്യങ്ങളാണ് യു.എന്‍ രക്ഷാസമിതിയിലുള്ളത്.

യുക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ വന്‍ സൈനികവിന്യാസം നടത്തുന്ന സാഹചര്യത്തിലാണ് യു.എന്‍ രക്ഷാസമിതി വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യമുയര്‍ന്നത്. തുടര്‍ന്ന് നടപടിക്രമ വോട്ടിന് റഷ്യ ആവശ്യപ്പെടുകയായിരുന്നു. ചര്‍ച്ചയുമായി മുന്നോട്ട് പോകാന്‍ ഒമ്ബത് രാജ്യങ്ങളുടെ പിന്തുണയാണ് ആവശ്യമായിരുന്നത്.

സംഘര്‍ഷങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും നിശബ്ദവും ക്രിയാത്മകവുമായ നയതന്ത്രം ഇന്നത്തെ ആവശ്യമാണെന്നുമാണ് ഇന്ത്യ അഭിപ്രായപ്പെട്ടത്. യുക്രെയ്നിലെ സാഹചര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.

യുക്രെയ്നിന് മേല്‍ യു.എസ് പരിഭ്രാന്തി പടര്‍ത്തുകയാണെന്ന ആരോപണവുമായി റഷ്യ ഇതിന് പിന്നാലെ രംഗത്തെത്തി. യുക്രെയ്നെ ആക്രമിച്ചാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് രക്ഷാസമിതിയില്‍ യു.എസ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് റഷ്യയുടെ പ്രസ്താവന.

റഷ്യ ആക്രമിക്കാന്‍ വരുന്നെന്ന പരിഭ്രാന്തി സൃഷ്ടിക്കുകയാണ് യു.എസ് ചെയ്യുന്നതെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് ആരോപിച്ചു. അമേരിക്കന്‍ മാധ്യമങ്ങള്‍ ഈയിടെയായി യുക്രെയ്‌നിലും അതിനു ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ സ്ഥിരീകരിക്കാത്തതും വളച്ചൊടിച്ചതുമായ വിവരങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. ഇത് യുക്രെയ്ന്‍ ജനതയില്‍ വലിയ പരിഭ്രാന്തിയുണ്ടാക്കുന്നു. ജനങ്ങള്‍ ബാഗുകള്‍ പാക്ക് ചെയ്യുന്ന അവസ്ഥവരെ സംഭവിക്കുകയാണ് -പെസ്കോവ് പറഞ്ഞു. യു.എസ് നല്‍കിയ റഷ്യന്‍ ആക്രമണ മുന്നറിയിപ്പിനോട് യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ലോദ്മിര്‍ സെലന്‍സ്കിക്കുള്ള അഭിപ്രായഭിന്നതയും അദ്ദേഹം ചൂണ്ടിക്കാട്ടി.



Related News