Loading ...

Home International

പ്രവാചകന്റെ ഹാസ്യചിത്രങ്ങള്‍ പങ്കുവച്ചു; പാക്കിസ്ഥാനിൽ യുവതിക്ക് വധശിക്ഷ

ഇസ്‍ലാമാബാദ്: സുഹൃത്തായിരുന്ന വ്യക്തിക്ക് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഹാസ്യ ചിത്രങ്ങള്‍ അയച്ച സംഭവത്തില്‍ സ്ത്രീക്ക് വധശിക്ഷ വിധിച്ച്‌ പാകിസ്താന്‍ കോടതി.റാവല്‍പിണ്ടി കോടതിയുടെതാണ് ഉത്തരവ്. 2020ല്‍ ഫാറൂഖ് ഹസനത്ത് എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അനിക അത്തീഖ് എന്ന സ്ത്രീയെ കോടതി കുറ്റക്കാരിയായി കണ്ടെത്തിയിരുന്നു. പ്രവാചകനെതിരെ മതനിന്ദ, ഇസ്‍ലാമിനെ അപമാനിക്കല്‍, സൈബര്‍ നിയമങ്ങളുടെ ലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി.

അനികയും ഫാറൂഖും സുഹൃത്തുക്കളായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സൗഹൃദത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെ പ്രതിയായ അനിക പ്രവാചകനെ നിന്ദിക്കുന്ന പ്രസ്താവനകള്‍ നടത്തുകയും, പ്രവാചകനെതിരായ ഹാസ്യ ചിത്രങ്ങള്‍ വാട്സ്‌ആപ്പിലൂടെ പങ്കുവെക്കുകയും ചെയ്തു. അനികയോട് സന്ദേശം ഡിലീറ്റ് ചെയ്യണമെന്നും തെറ്റ് ചെയ്തതിന് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതോടെയാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ സൈബര്‍ വിഭാഗത്തില്‍ പരാതി നല്‍കിയതെന്ന് ഫാറൂഖ് പറഞ്ഞു. കേസില്‍ ഉടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും അനികയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

അതേസമയം കോടതിയില്‍ നടന്ന വാദ പ്രതിവാദങ്ങളില്‍ പ്രതി കുറ്റം നിരസിച്ചു. പരാതിക്കരനുമായി സൗഹൃദം പുലര്‍ത്താന്‍ വിസമ്മതിച്ചതിന് മനപ്പൂര്‍വ്വം തന്നെ മതപരമായ ചര്‍ച്ചയിലേക്ക് വലിച്ചിഴച്ചുവെന്നും, കേസ് ആസൂത്രിതമാണെന്നും അനിക കോടതിയില്‍ പറഞ്ഞു.

1980കളില്‍ അന്നത്തെ സൈനിക മേധാവിയായിരുന്ന സിയാവുല്‍ ഹഖ് ആണ് പാകിസ്താനില്‍ മത വിദ്വേഷങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ കൊണ്ടുവന്നത്. രാജ്യത്ത് ഈ നിയമപ്രകാരം ആരും വധിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മതനിന്ദ നടത്തിയെന്നാരോപിച്ച്‌ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. സിയാല്‍കോട്ട് നഗരത്തിലെ സ്വകാര്യ കമ്ബനിയുടെ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന ശ്രീലങ്ക സ്വദേശിയെ കഴിഞ്ഞ വര്‍ഷം മതനിന്ദ ആരോപിച്ച്‌ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.



Related News