Loading ...

Home International

'ഒമിക്രോണെത്തിയത് കാനഡയില്‍നിന്നുള്ള പാക്കേജ് വഴി'; വിദേശത്തുനിന്ന് സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കാന്‍ പൗരന്മാരോട് ചൈന

കാനഡയില്‍നിന്നുള്ള പാക്കേജിലൂടെയാണ് രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ എത്തിയതെന്ന് ചൈന. പാഴ്‌സലുകളും തപാല്‍ ഉരുപ്പടികളും പാക്കേജുകളുമെല്ലാം തുറക്കുമ്പോള്‍ കൈയുറയും മാസ്‌കും ധരിക്കണണെന്നും വിദേശത്തുനിന്ന് വരുന്ന പാക്കേജുകള്‍ കരുതലോടെ കൈകാര്യം ചെയ്യണമെന്നും ചൈനീസ് ഭരണകൂടം പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചൈനയില്‍ ആദ്യമായി കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചയാള്‍ കാനഡയില്‍നിന്ന് വന്ന പാക്കേജ് തുറന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ചൈന അറിയിച്ചത്. അമേരിക്കയും ഹോങ്കോങ്ങും കടന്നാണ് പാക്കേജ് ചൈനയിലെത്തിയത്. ഇതുവഴി തന്നെയാണ് ഒമിക്രോണുമെത്തിയതെന്ന് ചൈനീസ് ആരോഗ്യ വൃത്തങ്ങള്‍ പറയുന്നു.

വിദേശത്തുനിന്ന് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും തപാല്‍ ഉരുപ്പടികള്‍ സ്വീകരിക്കുന്നതും പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. സാധനങ്ങള്‍ നേരിട്ട് സ്വീകരിക്കുമ്ബോള്‍ മാസ്‌കും കൈയുറകളുമടക്കം ധരിച്ച്‌ പരമാവധി സ്വയം സുരക്ഷ ഉറപ്പാക്കണം. തുറന്ന സ്ഥലത്തുവച്ചു മാത്രം പാക്കേജുകള്‍ തുറക്കാനും ശ്രമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

വിദേശത്തുനിന്നുള്ള പാഴ്‌സല്‍ സാധനങ്ങള്‍ സ്വീകരിക്കുമ്ബോള്‍ കൃത്യമായി അണുനശീകരണം നടത്തണം. പാഴ്‌സല്‍ സര്‍വീസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ബൂസ്റ്റര്‍ ഡോസ് സഹിതം കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നും ചൈനീസ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.


Related News