Loading ...

Home International

മാലിന്യക്കൂമ്പാരമായി മെഡിറ്ററേനിയന്‍ സമുദ്രം; പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജീവികള്‍ക്ക് ഭീഷണി

ലണ്ടന്‍ : മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജീവജാലങ്ങള്‍ക്ക് ഭീഷണിയാകും വിധം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.ലോകത്തിലെ ഏറ്റവും വലിയ ജൈവ വൈവിദ്ധ്യങ്ങള്‍ കണ്ടു വരുന്ന മെഡിറ്ററേനിയന്‍ സമുദ്രപ്രദേശത്ത് ഏകദേശം രണ്ടര ലക്ഷത്തോളം ടണ്‍ വരുന്ന പ്ലാസ്റ്റിക്ക് മാലിന്യമാണ് പ്രതിവര്‍ഷം പുറന്തള്ളപ്പെടുന്നതെന്നാണ് വിവരം. 500 ഓളം ഷിപ്പിങ് കണ്ടെയ്നറുകള്‍ക്ക് തുല്യമാണിത്. മാലിന്യത്തിന്റെ ഭൂരിഭാഗവും ഈജിപ്റ്റ്, ഇറ്റലി, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. സംരക്ഷിത സമുദ്ര പ്രദേശങ്ങളില്‍ പ്ലാസ്റ്റിക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.ഹാനിസ് അഭിപ്രായപ്പെട്ടു. കടല്‍ത്തീരത്തെ ജലത്തില്‍ മാക്രോപ്ലാസ്റ്റിക്കുകളുടെ ശരാശരി സാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് അഞ്ച് കിലോഗ്രാമില്‍ കൂടുതലാണെങ്കില്‍ സമുദ്രത്തില്‍ ഇത് 1.5 കിലോഗ്രാമില്‍ കൂടുതലാണ്. സമുദ്രങ്ങളില്‍ കണ്ടെത്തുന്ന അഞ്ച് മില്ലീമീറ്ററില്‍ കൂടുതല്‍ നീളമുള്ള മൈക്രോപ്ലാസ്റ്റിക്കുകള്‍ ആഹാരമെന്ന് കരുതി സമുദ്രജീവികള്‍ ഭക്ഷിക്കുന്നതിലൂടെ അവ ചത്തൊടുങ്ങുന്നു. പ്ലാസ്റ്റിക്ക് മാലിന്യം ആഗോള തലത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍,​ സംരക്ഷിത പ്രദേശങ്ങളിലേക്കെത്തുന്ന മാലിന്യങ്ങളുടെ വരവ് തടയുന്നതിലൂടെ മാത്രമേ സമുദ്രജല മലിനീകരണം കുറയ്ക്കാന്‍ കഴിയുകയുള്ളൂവെന്നാണ് വിദഗ്ദാഭിപ്രായം.

അതേ സമയം പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ കയറ്റു മതിയില്‍ ഏറ്റവും മുന്നിലുള്ളത് ബ്രിട്ടനും ജര്‍മ്മനിയുമാണ്. ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന ടര്‍ക്കിയില്‍ ഈ മാലിന്യങ്ങള്‍ കത്തിച്ചു കളയുന്ന രീതിയാണ് പിന്തുടരുന്നത്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമുള്ള രാജ്യങ്ങളുടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ കയറ്റുമതിയില്‍ ഇരുപത് മടങ്ങ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.




Related News