Loading ...

Home International

അമേരിക്കയുടെ പുതിയ ഉപരോധങ്ങള്‍ക്കെതിരെയുള്ള പ്രതികാരം; മിസൈല്‍ പരീക്ഷണത്തില്‍ വെളിപ്പെടുത്തലുമായി ഉത്തരകൊറിയ

അമേരിക്ക ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങള്‍ക്കെതിരെയുള്ള പ്രത്യക്ഷ പ്രതികാരമാണ് ട്രെയിനില്‍ നിന്ന് ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണത്തിന് പിന്നിലെന്ന വെളിപ്പെടുത്തലുമായി ഉത്തര കൊറിയ.മിസൈലിന്‍റെ പ്രാവീണ്യത്തെ മനസ്സിലാക്കാനും പ്രവര്‍ത്തനത്തെ വിലയിരുത്താനുമാണ് പരീക്ഷണം നടത്തിയതെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെ.സി.എന്‍.ഏ) റിപ്പോര്‍ട്ട് ചെയ്തു.36 കിലോമീറ്റര്‍ ഉയരത്തില്‍ സഞ്ചരിച്ച ഇവക്ക് മണിക്കൂറില്‍ 7,350 കിലോമീറ്റര്‍ വേഗതയില്‍ 430 കിലോമീറ്റര്‍ സഞ്ചരിക്കാനായതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് പറഞ്ഞു. ശബ്ദത്തേക്കാള്‍ ആറ് മടങ്ങ് അധിക വേഗതയാണിത്. റഷ്യയുടെ ഇസ്കന്ദര്‍ ബാലിസ്റ്റിക് സംവിധാനത്തിന്‍റെ മാതൃകയില്‍ ഉത്തരകൊറിയ നിര്‍മ്മിച്ച ഹ്രസ്വദൂര - ഖര ഇന്ധന ആയുധമാണ് ഇത്. ഉത്തരകൊറിയയുടെ മുന്‍ പരീക്ഷണങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ വിമര്‍ശിച്ച്‌ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിറക്കി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പരീക്ഷണം. കോവിഡ് മഹാമാരിക്കിടെ നടന്ന അതിര്‍ത്തി അടച്ചുപൂട്ടലിനും അമേരിക്കയുമായുള്ള ആണവ നയതന്ത്ര കരാര്‍ മരവിപ്പിക്കലിനുമിടയില്‍ പ്രദേശത്തെ മിസൈല്‍ പ്രതിരോധങ്ങളെ ശക്തിപ്പെടുത്താന്‍ ഉത്തര കൊറിയ നേരത്തേ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതേസമയം ആണവ പരീക്ഷണങ്ങളിലൂടെ അയല്‍ രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഉത്തരകൊറിയയുടെ നേതാവ് കിം ജോങ് ഉന്‍ ശ്രമിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Related News