Loading ...

Home International

ആര്‍ട്ടിക് പ്രദേശത്തെ മിന്നലാക്രമണങ്ങള്‍; വില്ലനാകുന്നത് കാലാവസ്ഥാ വ്യതിയാനം

വാഷിംഗ്ടണ്‍ : ഒരു കാലത്ത് വളരെ അപൂര്‍വ്വമായി മിന്നലാക്രമണങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്ന ആര്‍ട്ടിക് പ്രദേശത്ത് കഴിഞ്ഞ വര്‍ഷം ഉണ്ടായത് 7,278 മിന്നലാക്രമണങ്ങള്‍.കഴിഞ്ഞ കുറേ വര്‍ഷത്തെ കണക്കുകള്‍ വച്ച്‌ നോക്കുമ്ബോള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ ഇരട്ടിയിലധികമാണിത്. ലോകത്തിനാകമാനം ഭീഷണി ഉയര്‍ത്തുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഇതിനും കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ഭൂമിയുടെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ആര്‍ട്ടിക് പ്രദേശത്തെ വായുവില്‍ മിന്നലിന് കാരണമാകുന്നതിന് ആവശ്യമായ താപമില്ല. അതിനാല്‍ നിലവില്‍ മിന്നലാക്രമണങ്ങളിലുണ്ടായ വര്‍ദ്ധനവ് പ്രദേശത്തുണ്ടായിട്ടുള്ള താപനിലയുടെ വര്‍ദ്ധനവിനെയാണ് സൂചിപ്പിക്കുന്നത്.

നിലവില്‍ ശരാശരി ആഗോള താപനിലയെക്കാള്‍ മൂന്നിരിട്ടിയാണ് ആര്‍ട്ടിക്കിലെ താപനിലയിലുണ്ടായ വര്‍ദ്ധനവ്. താപനിലയിലുണ്ടായ വര്‍ദ്ധനവ് മൂലം പ്രദേശത്തെ മഞ്ഞു പാളികള്‍ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഉരുകിത്തീരുന്നതെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മഞ്ഞിന്റെ തോത് കുറയുന്നത് കൂടുതല്‍ ജലം ബാഷ്പീകരിക്കപ്പെടാന്‍ കാരണമാകും. ഇത് അന്തരീക്ഷത്തിന് കൂടുതല്‍ ഈര്‍പ്പമുണ്ടാക്കുകയും ഇത് മൂലം താപനില ഉയരുകയും ചെയ്യും.

ഇതാണ് മിന്നലാക്രമണങ്ങള്‍ കൂടാന്‍ കാരണമെന്നാണ് ഗവേഷകരുടെ വാദം. ആര്‍ട്ടിക്കിലെ മിന്നലാക്രമണത്തിലുണ്ടായ ഗണ്യമായ വര്‍ദ്ധനവ് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും കാലാവസ്ഥാ വ്യതിയാനത്തോട് അന്തരീക്ഷം എങ്ങനെ പ്രതികരിക്കുമെന്നതിനെ കുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം ലോകത്താകമാനം കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് റെക്കാഡ് താപനിലയാണെന്ന് പഠനം. കാനഡ, ഡൊമിനിക്ക,തായ്വാന്‍ ,​ മൊറോക്കോ, ഒമാന്‍, ടുനീസിയ,​ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലായാണ് റെക്കാ‌ഡ് താപനില രേഖപ്പെടുത്തിയത്. യൂറോപ്പിലെ ഏറ്റവും വലിയ താപനിലയാണ് ഇറ്റലിയിലെ സിറാക്യൂസില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണിലും ജൂലായിലും പടിഞ്ഞാറന്‍ അമേരിക്കയിലുണ്ടായ ഉഷ്ണ തരംഗത്തില്‍ കാനഡയിലെയും അമേരിക്കയിലെയും നൂറ് കണക്കിനാളുകളാണ് മരിച്ചത്. കാലാവസ്ഥാ വ്യതിയാനം യഥാര്‍ത്ഥ്യമാണെന്നും അത് ആരംഭിച്ചു കഴിഞ്ഞുവെന്നും കനേഡിയന്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് മിനിസ്റ്റര്‍ സ്ഥാപക കാതറിന്‍ മക്കീന അഭിപ്രായപ്പെട്ടു.


Related News