Loading ...

Home International

ലോകപ്രശസ്ത ഫോസില്‍ ഗവേഷകന്‍ റിച്ചാര്‍ഡ് ലീക്കി അന്തരിച്ചു

നെയ്റോബി : ലോക പ്രശസ്ത കെനിയന്‍ പരിസ്ഥിതി പ്രവര്‍ത്തകനും ഫോസില്‍ ഗവേഷകനുമായ റിച്ചാര്‍ഡ് ലീക്കി ( 77 ) അന്തരിച്ചു.മനുഷ്യരാശിയുടെ പരിണാമം ആഫ്രിക്കയിലാണെന്ന് തെളിയിക്കുന്നതിന് അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു.

ലോകപ്രശസ്ത നരവംശശാസ്ത്രജ്ഞരും പുരാവസ്തു ഗവേഷകരുമായിരുന്ന ലൂയിസ് - മേരി ലീക്കി ദമ്ബതികളുടെ മൂന്ന് ആണ്‍ മക്കളില്‍ രണ്ടാമത്തെയാളാണ്. മാതാപിതാക്കളുടെ ഗവേഷണങ്ങളില്‍ ആകൃഷ്ടനായ റിച്ചാര്‍ഡ് മനുഷ്യ പൂര്‍വികരും മനുഷ്യരുമടങ്ങുന്ന ജന്തുവര്‍ഗങ്ങളുടെ ഫോസിലുകളെ സംബന്ധിച്ച പഠനശാഖയായ ' പാലിയോആന്ത്രപോളജിയെ തന്റെ മേഖലയായി തിരഞ്ഞെടുക്കുകയായിരുന്നു.

മനുഷ്യന്റെ പൂര്‍വികരെ തേടി

സഫാരി ഗൈഡിംഗിലൂടെ ഔദ്യോഗിക ജീവിതമാരംഭിച്ച ലീക്കിയുടെ ജീവിതത്തെ മാറ്റിമറിച്ചത് 23ാം വയസില്‍ ലഭിച്ച റിസര്‍ച്ച്‌ ഗ്രാന്റായിരുന്നു. വടക്കന്‍ കെനിയയിലെ ടര്‍ക്കാന തടാക തീരങ്ങളില്‍ ഖനനം നടത്താന്‍ നാഷണല്‍ ജോഗ്രഫിക് സൊസൈറ്റി നല്‍കിയ അനുമതിയായിരുന്നു അത്. 1972ല്‍ ഹോമോ ഹാബിലിസിന്റെയും ( 1.9 ദശലക്ഷം വര്‍ഷം മുമ്ബ് ജീവിച്ചിരുന്നു ) 1975ല്‍ ഹോമോ ഇറക്റ്റസിന്റെയും ( 1.6 ദശലക്ഷം വര്‍ഷം പഴക്കം ) തലയോട്ടികള്‍ കണ്ടെത്തിയതോടെ മനുഷ്യപരിണാമത്തിന്റെ വേരുകള്‍ തേടിയുള്ള പര്യവേഷണങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

1984ല്‍ ' ടര്‍ക്കാന ബോയ് " എന്നറിയപ്പെടുന്ന ഹോമോ ഇറക്റ്റസ് അസ്ഥികൂടത്തെ കണ്ടെത്തിയത് ലീക്കിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമായി. 1.5 - 1.6 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്ബ് ജീവിച്ചിരുന്ന ടര്‍ക്കാന ബോയ്‌ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും പൂര്‍ണമായ ആദ്യകാല മനുഷ്യപൂര്‍വിക അസ്ഥികൂടമാണ്.

1980കളുടെ അവസാനം കൊമ്ബുകള്‍ക്ക് വേണ്ടി ആഫ്രിക്കന്‍ ആനകളെ വേട്ടയാടലിനെതിരെ ലീക്കി ശബ്ദമുയര്‍ത്തി. 1989ല്‍ വൈല്‍ഡ് ലൈഫ് സര്‍വീസിന്റെ ചെയര്‍മാനായി. ആ വര്‍ഷം അദ്ദേഹം 12 ടണ്‍ ആനക്കൊമ്ബുകള്‍ കൂട്ടിയിട്ട് കത്തിച്ചത് ലോകശ്രദ്ധ നേടി.

1933ല്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന സെസ്ന ചെറുവിമാനം തകര്‍ന്നുവീണെങ്കിലും രക്ഷപ്പെട്ടു. രണ്ട് കാലുകളും നഷ്ടമായി. പിന്നീട് കൃത്രിമക്കാലുകളോടെ ജീവിച്ച അദ്ദേഹം 1998ല്‍ കെനിയന്‍ സിവില്‍ സര്‍വീസിന്റെ തലപ്പത്തെത്തി. 2015ല്‍ ചെയര്‍മാനായി കെനിയന്‍ വൈല്‍ഡ് ലൈഫ് സര്‍വീസില്‍ വീണ്ടും തിരിച്ചെത്തി. ബ്രിട്ടീഷ് പാലിയോആന്ത്രപോളജിസ്റ്റ് മീവ് ലീക്കിയാണ് ഭാര്യ


Related News