Loading ...

Home International

ചൈനയില്‍ നിന്ന് 25 ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങി പാക്കിസ്ഥാൻ സൈന്യം

ഇസ്​ലാമാബാദ്: ചൈനയില്‍ നിന്നും 25 ജെ-10സി ഫൈറ്റര്‍ വിമാനങ്ങള്‍ വാങ്ങി പാകിസ്താന്‍. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ അത്യാധുനിക റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കി സൈനികശേഷി വര്‍ധിപ്പിച്ചതിനുള്ള മറുപടിയായാണ് പാകിസ്താന്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ സൈനിക സന്നാഹത്തിലെത്തിച്ചത്.മാര്‍ച്ച്‌ 23ന് നടക്കുന്ന പാക് ദിനാചരണത്തില്‍ 25 യുദ്ധവിമാനങ്ങളും അണിനിരക്കുമെന്ന് പാക് ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു. ഇന്ത്യയുടെ റഫാലിനുള്ള മറുപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനീസ് ആര്‍മിയുടെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നാണ് ജെ-10സി. തങ്ങളുടെ ഏറ്റവും വിശ്വസ്ത സഖ്യകക്ഷിയായ പാക്കിസ്ഥാന് വിമാനം കൈമാറാന്‍ ചൈന ധാരണയിലെത്തുകയായിരുന്നു.ഡിസംബര്‍ ആദ്യം നടന്ന പാക്-ചൈന സംയുക്ത സൈനികാഭ്യാസത്തില്‍ ജെ-10സി വിമാനങ്ങള്‍ അണിനിരന്നിരുന്നു. ഇരുപക്ഷവും തങ്ങളുടെ അത്യാധുനിക വിമാനങ്ങളെ സൈനികാഭ്യാസത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് റഫാല്‍ വിമാനങ്ങള്‍ സ്വന്തമാക്കിയത് മുതല്‍ ഇതിനൊപ്പം നില്‍ക്കുന്ന വിമാനം സ്വന്തമാക്കാന്‍ പാക് ശ്രമം തുടങ്ങിയിരുന്നു. റഫാലിനൊപ്പം പരിഗണിക്കുന്ന യു.എസ് നിര്‍മിത എഫ്-16 വിമാനങ്ങള്‍ പാക് നിരയിലുണ്ടെങ്കിലും എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാവുന്നതും വ്യത്യസ്ത ഉപയോഗവുമുള്ള യുദ്ധവിമാനം കൂടി സ്വന്തമാക്കാനായിരുന്നു പാക് പദ്ധതി.ഫ്രാന്‍സില്‍ നിന്നും 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. 59,000 കോടിക്കാണ് കരാര്‍. റഫാല്‍ കരാറിലെ അഴിമതി വന്‍ രാഷ്ട്രീയ വിവാദമായിരുന്നു. 30 വിമാനങ്ങളാണ് ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറിയിട്ടുള്ളത്. ശേഷിക്കുന്ന ആറെണ്ണം ഏപ്രിലോടെ കൈമാറും.

Related News