Loading ...

Home International

പത്തുവര്‍ഷങ്ങൾക്ക് ശേഷം ഭരണകക്ഷിയോഗം വിളിച്ച്‌ കിം ജോങ് ഉന്‍

പത്തു വര്‍ഷത്തെ അധികാരം പൂര്‍ത്തിയാക്കുന്ന വേളയില്‍ കോവിഡ് മഹാമാരിയെക്കുറിച്ചും അമേരിക്കയുമായുള്ള നയതന്ത്രപ്രതിസന്ധിയെക്കുറിച്ചും ചര്‍ച്ചചെയ്യുന്നതിനായി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഭരണകക്ഷിയോഗം വിളിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയയുടെ (ഡബ്ല്യു.പി.കെ) നാലാമത് പ്ലീനറി യോഗമാണ് തിങ്കളാഴ്ച വിളിച്ചുചേര്‍ത്തത്. ലോക്ക്ഡൗണ്‍ കാരണമുണ്ടാകുന്ന സാമ്ബത്തിക പിരിമുറുക്കങ്ങളെയും ആണവായുധ പദ്ധതിക്ക്മേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങളെയും സംബന്ധിച്ച്‌ ലോകരാജ്യങ്ങളുമായി ഉത്തരകൊറിയ തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന സമയത്തുതന്നെയാണ് യോഗം ചേരുന്നത്.

ഈ ആഴ്‌ചത്തെ പ്ലീനറി യോഗം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. 2019ല്‍ നാല് ദിവസത്തേക്കാണ് പ്ലീനറി യോഗം ചേര്‍ന്നത്. 2021ലെ പാര്‍ട്ടി നടപ്പിലാക്കിയ അജണ്ടകളെയും സംസ്ഥാന നയങ്ങളെയും അവലോകനം ചെയ്യുന്നതിനാണ് പ്ലീനറി യോഗം ചേരുന്നതെന്ന് ഉത്തരകൊറിയന്‍ ദേശീയമാധ്യമമായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

കിം ജോങ് ഉന്‍ അധികാരത്തിലേറിയിട്ട് 2021ല്‍ പത്തുവര്‍ഷം പൂര്‍ത്തിയാവുകയാണ്. 2011 ഡിസംബറിലാണ് അദ്ദേഹത്തിന്‍റെ പിതാവും ദീര്‍ഘകാല ഭരണാധികാരിയുമായ കിം ജോങ് ഇല്‍ മരണപ്പെടുന്നത്. പിതാവിന്‍റെ മരണശേഷം കിം ജോങ് ഉന്‍ അധികാരം കൈയ്യടക്കുകയും ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ ആയുധശേഖരം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ഇതിന് മുമ്ബും പുതുവര്‍ഷത്തോടനുബന്ധിച്ച്‌ കിം പ്രധാന നയപ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. 2018ല്‍ ദക്ഷിണ കൊറിയയിലെ വിന്‍റര്‍ ഒളിമ്ബിക്‌സിലേക്ക് പ്രതിനിധിയെ പ്രഖ്യാപിച്ചതും 2019ല്‍ അന്നത്തെ യു.എസ് പ്രസിഡന്‍റായ ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച തുടരാന്‍ ആഗ്രഹമറിയിച്ചതുമെല്ലാം പുതുവര്‍ഷത്തോട് അടുപ്പിച്ചുള്ള പ്രഖ്യാപനങ്ങളായിരുന്നു. 'ലോകരാജ്യങ്ങളുമായി സംവാദത്തിനുള്ള വാതിലുകള്‍ തുറന്ന് ഉത്തരകൊറിയ പുതിയ വര്‍ഷം ആരംഭിക്കുമെന്നും ഇടപഴകലിനും സഹകരണത്തിനുമുള്ള ചുവടുവെപ്പായി ഈ ചര്‍ച്ചയെ പ്രതീക്ഷിക്കുന്നതായും' ദക്ഷിണ കൊറിയ മന്ത്രാലയം പ്രസ്താവിച്ചു.


Related News