Loading ...

Home International

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 1500 ഭാഷകള്‍ ലോകത്തിൽ നിന്നും ഇല്ലാതാകും

കാന്‍ബറ: വംശനാശഭീഷണി നേരിടുന്ന 1500ഓളം ഭാഷകള്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇല്ലാതാകുമെന്ന് പഠനം. 'നേച്ചര്‍ എക്കോളജി ആന്റ് ഇവല്യൂഷന്‍ ജേണലി'ലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയിരിക്കുന്നത്. നൂറ്റാണ്ടിന്റെ അവസാനത്തോടെ 1500ഓളം ഭാഷകള്‍ ആരും സംസാരിക്കാതാകുമെന്ന് പഠനത്തില്‍ പറയുന്നു. ലോകത്തില്‍ അംഗീകരിക്കപ്പെട്ട 7000ത്തോളം ഭാഷകളില്‍ പകുതിയോളം ഭാഷകളും വംശനാശ ഭീഷണി നേരിടുന്നതായി പഠനത്തില്‍ പങ്കാളിയായ പ്രൊഫ.ലിന്‍ഡെല്‍ ബ്രോംഹാം പറയുന്നു.

' ഭാഷകളുടെ മരണം വളരെ വേഗത്തിലാണ് സംഭവിക്കുന്നത്. അടുത്ത 40 വര്‍ഷത്തിനുള്ളില്‍ ഭാഷാ നഷ്ടം മൂന്നിരട്ടി വേഗത്തിലാകും സംഭവിക്കുന്നത്. ഈ നൂറ്റാണ്ട് അവസാനത്തോടെ ഇപ്പോഴുള്ള 1500 ഭാഷകള്‍ സംസാരിക്കാന്‍ ആരുമില്ലാതാകും' ലിന്‍ഡെല്‍ പറയുന്നു. ഭാഷ ഇല്ലാതാകാന്‍ കാരണമായ ഘടകങ്ങളെ കുറിച്ചും ജേണലില്‍ വിശദീകരിക്കുന്നുണ്ട്. ഇപ്പോഴത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രീതികള്‍ ഭാഷ ഇല്ലാതാകാനുള്ള കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രാദേശിക ഭാഷകള്‍ നിര്‍ബന്ധമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും, ദ്വിഭാഷ പഠനസമ്ബ്രദായം പിന്തുണയ്‌ക്കുന്ന രീതി പ്രോത്സാഹിപ്പിക്കണമെന്നും പഠനം പറയുന്നു. ഭാഷ ഇല്ലാതാകാന്‍ കാരണമായേക്കുന്ന 51ഓളം കാരണങ്ങളാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഭാഷാ വംശനാശത്തിന് രസകരമായ കാരണങ്ങളും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. റോഡുകള്‍ ധാരാളമുള്ളത് ഒരു പ്രശ്‌നമാണെന്നാണ് പഠനം പറയുന്നത്. നഗരങ്ങളേയും ഗ്രാമങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകള്‍ അപകടസാധ്യത കൂട്ടുന്നു. വലിയ ഭാഷ ചെറിയ ഭാഷയെ വിഴുങ്ങുന്നത് പോലെയാകുമത്. കൂടുതല്‍ ശക്തമായ ഭാഷയ്‌ക്ക് തന്നെക്കാള്‍ ദുര്‍ബലമായ ഭാഷയ്‌ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയും. ഓസ്‌ട്രേലിയയിലെ ഫസ്റ്റ് നേഷന്‍സിലെ ജനങ്ങള്‍ ഭാഷയെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ധാരാളം മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, പ്രാദേശികമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ഇവര്‍ പറയുന്നു.


Related News