Loading ...

Home International

ജര്‍മനിയില്‍ ആരോഗ്യ ജീവനക്കാര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി

ബെര്‍ലിന്‍: ആരോഗ്യ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പാര്‍ലമെന്‍റ് അംഗീകരിച്ചു.
രാജ്യത്തു വര്‍ധിച്ചുവരുന്ന കോവിഡ് നാലാം തരംഗത്തെ പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കമായിട്ടാണ് സര്‍ക്കാര്‍ കൊണ്ടുവന്ന അണുബാധ സംരക്ഷണ നിയമം വെള്ളിയാഴ്ച പാര്‍ലമെന്‍റിന്‍റെ ഉപരിസഭയായ ബുണ്ടെസ്ററാഗിലെ അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തത്. 2022 മാര്‍ച്ച്‌ 15 വരെയാണ് ഇതിന് സാധുത.

രാജ്യത്തിതാദ്യമായാണ് ആശുപത്രികളിലെയും നഴ്സിംഗ് ഹോമുകളിലെയും ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയത്. പുതുതായി അംഗീകരിച്ച നിയമങ്ങള്‍ അനുസരിച്ച്‌ ദന്തഡോക്ടര്‍മാര്‍ക്കും മൃഗഡോക്ടര്‍മാര്‍ക്കും പ്രതിരോധ വാക്സിന്‍ നല്‍കുന്നതിനു അനുമതി നല്‍കി.

ക്രിസ്മസ് അവധികള്‍ അടുക്കുന്തോറും കോവിഡ് കേസുകളുടെ പുതിയ വര്‍ധനവിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിനാല്‍, ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്‍റെ സര്‍ക്കാര്‍, പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിനുള്ള മുന്നോടിയായാണ് രാജ്യത്തെ ജനങ്ങള്‍ക്ക് വാക്സിനേഷന്‍ നല്‍കലും ബൂസ്റ്റര്‍ ഡോസ് കാന്പയിന്‍ വേഗത്തിലാക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നത്.

പുതിയ നിയമം നിലവില്‍വന്നതോടെ ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, ഡോക്ടര്‍മാരുടെ ഓഫീസുകള്‍, വികലാംഗര്‍ക്കുള്ള സൗകര്യങ്ങള്‍, മറ്റ് ആരോഗ്യ വിഭാഗം എന്നിവിടങ്ങളിലെ ജീവിനക്കാര്‍ വാക്സിനേഷന്‍ നടത്തിയതിന്‍റെ‌യോ കോവിഡ് വീണ്ടെടുത്തതിന്‍റെയോ തെളിവ് നല്‍കേണ്ടിവരും. എന്തെങ്കിലും ആരോഗ്യപരമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ നിര്‍ബന്ധിത വാക്സിനേഷനില്‍നിന്നും ഒഴിവാക്കപ്പെടുകയുള്ളു.

Related News