Loading ...

Home International

യുഎസ് എതിര്‍പ്പ്; കിഴക്കന്‍ ജറൂസലമിലെ പുതിയ കുടിയേറ്റ പദ്ധതികള്‍ നിര്‍ത്തിവച്ച്‌ ഇസ്രായേല്‍

അധിനിവിഷ്ട കിഴക്കന്‍ ജറൂസലമില്‍ പുതിയ കുടിയേറ്റ പദ്ധതികള്‍ക്കു നല്‍കിയ അനുമതി ഇസ്രായേല്‍ അധികൃതര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു.

യുഎസ് വിമര്‍ശനത്തിനു പിറകെയാണ് ഇസ്രായേല്‍ ആസൂത്രണ സമിതിയുടെ നടപടി. പുതിയ കുടിയേറ്റ നീക്കത്തില്‍ ആശങ്കയുമായി ഫലസ്തീനും രംഗത്തെത്തിയിരുന്നു.

പുതുതായി 9,000 ജൂതകുടുംബങ്ങള്‍ക്കുകൂടി ഭവനങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കാനായിരുന്നു പദ്ധതി. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ നിയന്ത്രണമുറപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കത്തില്‍ നിര്‍ണായക നീക്കമായിരുന്നു ഇത്. പദ്ധതിക്ക് കഴിഞ്ഞ മാസം ഔദ്യോഗിക അനുമതി ലഭിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ജറൂസലം ജില്ലാ ആസൂത്രണ, കെട്ടിട നിര്‍മാണ സമിതി. കൂടുതല്‍ പാരിസ്ഥിതിക പഠനം ആവശ്യമുള്ളതിനാലാണ് തീരുമാനമെന്നാണ് ഇസ്രായേല്‍ ആസൂത്രണ വകുപ്പ് അറിയിച്ചത്. എത്രകാലത്തേക്കാണ് പദ്ധതികള്‍ നിര്‍ത്തിവച്ചതെന്നതിനെക്കുറിച്ച്‌ വ്യക്തതയില്ല.

കിഴക്കന്‍ ജറൂസലമിനും വെസ്റ്റ്ബാങ്കിലെ റാമല്ലയ്ക്കുമിടയിലുള്ള പുതിയ കുടിയേറ്റ നീക്കം ഫലസ്തീന്‍രാഷ്ട്രമെന്ന ആവശ്യത്തിനു തന്നെ വന്‍തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ കുടിയേറ്റ നീക്കത്തെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു. ഫലസ്തീനില്‍നിന്ന് ജറൂസലമിനെ പൂര്‍ണമായും വിഭജിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ കുടിയേറ്റ പദ്ധതിയെന്ന് മന്ത്രാലയം വിമര്‍ശിച്ചു.

ഞായറാഴ്ച യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ വിളിച്ചാണ് പുതിയ കുടിയേറ്റനീക്കത്തില്‍ എതിര്‍പ്പറിയിച്ചത്. ഏകപക്ഷീയമായ നീക്കത്തില്‍നിന്ന് പിന്മാറണമെന്ന് ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. പുതിയ കുടിയേറ്റനീക്കങ്ങളുമായി മുന്നോട്ടുപോകുന്നത് ദ്വിരാഷ്ട്ര പരിഹാരശ്രമങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ക്കെല്ലാം തിരിച്ചടിയാകുമെന്നും അദ്ദേഹം ബെന്നറ്റിനോട് പറഞ്ഞു.

1967ല്‍ അറബ് രാജ്യങ്ങളുമായുള്ള യുദ്ധത്തിലാണ് വെസ്റ്റ്ബാങ്കിന്റെയും കിഴക്കന്‍ ജറൂസലമിന്റെയും നിയന്ത്രണം ഇസ്രായേല്‍ പിടിച്ചടക്കിയത്. എന്നാല്‍, വെസ്റ്റ്ബാങ്കും ഗസ്സയും പ്രധാനനഗരങ്ങളായും കിഴക്കന്‍ ജറൂസലം തലസ്ഥാനമായുമുള്ള പുതിയ രാഷ്ട്രമാണ് ഫലസ്തീനികളുടെ ഏറെനാളായുള്ള ആവശ്യം.

Related News