Loading ...

Home International

ഓങ് സാന്‍ സൂ ചിക്ക് എതിരെ 11 കേസുകള്‍; തിരഞ്ഞെടുപ്പില്‍നിന്നു മാറ്റിനിര്‍ത്തുക ഉദ്ദേശ്യം

യാങ്കൂണ്‍: മ്യാന്‍മറിലെ പട്ടാള ഭരണകൂടം ഓങ് സാന്‍ സൂ ചിക്ക് എതിരെ 11 കേസുകളാണ് എടുത്തിട്ടുള്ളത്. കോവിഡ് ചട്ടം ലംഘിച്ചു, തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടി, ലൈസന്‍സില്ലാത്ത വോക്കി ടോക്കി ഉപയോഗിച്ചു, ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു തുടങ്ങിയ ഈ കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്നു വ്യാപക വിമര്‍ശനം ഉയ‍ര്‍ന്നിട്ടുണ്ട്.

എന്നാല്‍, രാജ്യത്തിനകത്തും പുറത്തുമുള്ള സമ്മര്‍ദങ്ങളെ അവഗണിച്ച്‌ പട്ടാളം വിചാരണയുമായി മുന്നോട്ടു പോകുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍നിന്നു സൂ ചിയെ മാറ്റിനിര്‍ത്തുകയാണു ഉദ്ദേശ്യം. കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചാല്‍ സര്‍ക്കാരിലെ ഉന്നതപദവികള്‍ വഹിക്കാനോ പാര്‍ലമെന്റ് അംഗമാകാനോ ഭരണഘടനാ ചട്ടം അനുവദിക്കുന്നില്ല.

കഴിഞ്ഞ നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സൂ ചി നയിക്കുന്ന പാര്‍ട്ടിക്കു ഭൂരിപക്ഷം ലഭിക്കുകയും പട്ടാള അനുകൂല കക്ഷികള്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ വന്‍ കൃത്രിമം നടന്നുവെന്നാരോപിച്ചു പട്ടാളം രംഗത്തുവന്നെങ്കിലും തിര‍ഞ്ഞെടുപ്പു കമ്മിഷന്‍ അതു തള്ളി. പിന്നാലെ സൂ ചി അടക്കം നേതാക്കളെ പട്ടാളം തടവിലാക്കി. പട്ടാള നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ ഫെയ്സ്ബുക് പേജിലൂടെ സൂ ചി നടത്തിയ ആഹ്വാനമാണ് അക്രമത്തിനു പ്രേരിപ്പിച്ചുവെന്ന കേസിന് കാരണമായത്. ഒക്ടോബറില്‍ തിരഞ്ഞെടുപ്പു കാലത്തു നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ടാണു കോവിഡ് ചട്ടം ലംഘിച്ചെന്ന കേസുകള്‍. 14നാണ് അടുത്ത കേസിലെ വിധി.

ഫെബ്രുവരി ഒന്നിനു പട്ടാളം അധികാരം പിടിച്ചശേഷം സൂ ചിയെ പുറത്തു കണ്ടിട്ടില്ല. അജ്ഞാത കേന്ദ്രത്തിലാണു തടവിലുള്ളത്. നയ്‌പിഡോയിലെ കോടതിയിലെ വിചാരണ നടപടികളും പരമ രഹസ്യമായാണു നടത്തിയത്. മാധ്യമങ്ങളെയോ കാഴ്ചക്കാരെയോ അനുവദിച്ചിരുന്നില്ല. കോടതിവിധി നിയമവകുപ്പ് ഉദ്യോഗസ്ഥനാണു പുറത്തുവിട്ടത്. സൂ ചിയുടെ അഭിഭാഷകര്‍ക്കു കോടതി നടപടി വിവരങ്ങള്‍ പുറത്തുവിടുന്നതിനു വിലക്കുണ്ടായിരുന്നു. സൂ ചിയുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതു പ്രത്യേക കോടതിയാണ്. രാഷ്ട്രീയ കേസുകള്‍ക്കായി ഭരണകൂടം നിയോഗിക്കുന്നതാണ് ഈ കോടതി.

പട്ടാള ഭരണം 10 മാസം പിന്നിടുമ്പോഴും ജനകീയപ്രക്ഷോഭം ശമിച്ചിട്ടില്ല. സൂ ചിയെയും മറ്റു നേതാക്കളെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു ഞായറാഴ്ച മ്യാന്‍മറിലെ പ്രധാന നഗരങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു.


Related News