Loading ...

Home International

ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരകരാറില്‍ ഒപ്പുവെക്കുമെന്ന് ഓസ്ട്രേലിയ

ന്യൂഡല്‍ഹി: വ്യാപാര കരാറുകള്‍ക്ക് ഇന്ത്യ വിശ്വസ്തരായ പങ്കാളിയാണെന്ന് ഓസ്ട്രേലിയന്‍ വ്യാപാര വിദഗ്ധന്‍ ടോണി അബോട്ട്.വ്യാപാരത്തില്‍ ചൈന വിശ്വസ്തരായ പങ്കാളിയല്ലെന്നും ടോണി അബോട്ട് വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ വ്യാപാര ഉപദേഷ്ടാവാണ് ടോണി അബോട്ട്. ഇന്ത്യയിലെ ജനാധിപത്യത്തിനും നിയമവാഴ്ചയ്‌ക്കും ബിസിനസ് മേഖലയെകുറിച്ച്‌ നല്ല ധാരണയുണ്ടെന്നും ടോണി ആബട്ട് വ്യക്തമാക്കി.ന്യൂഡല്‍ഹിയില്‍ നടത്തിയ വെര്‍ച്വല്‍ പത്രസമ്മേളനത്തിലായിരുന്നു ടോണി അബോട്ടിന്റെ പ്രസ്താവന.

"ഓസ്ട്രേലിയയുമായുള്ള 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വ്യാപാരം ചൈന തടസ്സപ്പെടുത്തി. താല്‍ക്കാലികമായി അത് നിര്‍ത്തിവെയ്‌ക്കുകയും ചെയ്തു. വ്യാപാരത്തിന് ചൈനയെ ഒരു വിശ്വസ്ത പങ്കാളിയായി കാണുന്നത് വളരെ ബുദ്ധിമുട്ടാണ്," അബോട്ട് പറഞ്ഞു.

"ഇന്ത്യ വളരെ വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ്. ഇന്ത്യയിലെ ജനാധിപത്യവും നിയമവാഴ്ചയും ഇതിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കുന്നു. ബിസിനസ് മേഖലയും സര്‍ക്കാരുകളും പരസ്പര ബന്ധം കാത്തുസൂക്ഷിക്കുകയും എന്നാല്‍ സ്വതന്ത്രരുമാണെന്ന് അബോട്ട് വ്യക്തമാക്കി. വ്യാപാര കരാറിന്റെ പവിത്രത മാനിക്കപ്പെടേണ്ടതുണ്ടെന്ന് ഇന്ത്യയ്‌ക്ക് നല്ല ധാരണയുണ്ട്. ഇതാണ് ചൈനയ്‌ക്ക് ഇല്ലാത്തത്. അതുകൊണ്ടുതന്നെ വ്യാപാര വിതരണ ശൃംഖലയിലും ഇന്ത്യയ്‌ക്ക് വലിയ പങ്ക് വഹിക്കാന്‍ സാധിക്കും.അത് തികച്ചും വിശ്വസനീയമായിരിക്കണം," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായും ടോണി ആബട്ട് കൂടിക്കാഴ്ച നടത്തി. സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) സംബന്ധിച്ച്‌ ഇരുവരും ചര്‍ച്ച നടത്തിയതായും ടോണി ആബട്ട് വ്യക്തമാക്കി. സ്വതന്ത്ര വ്യാപാര കരാറിലൂടെ ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധം ശക്തമാകുമെന്നും ഇന്ത്യയ്‌ക്കും ഓസ്‌ട്രേലിയയ്‌ക്കും ഇക്കാര്യത്തില്‍ വലിയ സാധ്യതയുണ്ടെന്നും ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു.

"ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക വ്യാപാര പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി. പരസ്പര സാമ്ബത്തിക അഭിവൃദ്ധിക്കായി സ്വതന്ത്ര വ്യാപാര കരാറിലൂടെ ഇന്ത്യയും ഓസ്‌ട്രേലിയയും ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കും. ഇതിന് വേണ്ടിയുള്ള വിപുലമായ ചര്‍ച്ചകള്‍ നടത്തി," ഗോയല്‍ ട്വീറ്റ് ചെയ്തു. 2022 സപ്തംബര്‍ അവസാനത്തോടെ ഇന്ത്യയും ഓസ്ട്രേയിലിയയും സമഗ്രമായ ഒരു സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കുമെന്നും ഗോയല്‍ വ്യക്തമാക്കി.


Related News