Loading ...

Home International

ലഡാക്കില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ചൈന

ബെയ്ജിംഗ് : ലഡാക്കില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ നിയന്ത്രണ രേഖയില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ചൈന.

വര്‍ക്കിംഗ് മെക്കാനിസം ഫോര്‍കണ്‍സള്‍ട്ടേഷന്‍ ആന്റ് കോര്‍ഡിനേഷന്‍ (ഡബ്ല്യൂഎംസിസി) യുടെ 23ാമത് യോഗത്തില്‍ സൈനിക പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും സമ്മതിച്ചതായി ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം വിഷയത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

പ്രസ്താവനയിലൂടെയാണ് ചൈന ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തിയിലെ തര്‍ക്കമേഖലയിലെ സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള അടിയന്തിര നടപടിയെന്നോണമാണ് സൈനിക പിന്മാറ്റത്തിന് തീരുമാനമായതെന്നാണ് ചൈനയുടെ പ്രസ്താവനയില്‍ പറയുന്നത്. സൈനിക പിന്മാറ്റമുണ്ടായ മേഖലകളിലെയും, പിന്മാറ്റം നടത്തുന്ന മേഖലകളിലെയും സ്ഥിതിഗതികള്‍ ഒന്നിച്ച്‌ വിലയിരുത്താനും, 14ാമത് സൈനിക തല ചര്‍ച്ച നടത്താന്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് തീരുമാനിച്ചെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് യോഗത്തില്‍ പങ്കെടുത്തത്.

അതിര്‍ത്തിയില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുന്നതിനായി ചേര്‍ന്ന് കഠിനമായി പരിശ്രമിക്കാന്‍ ഇരു വിദേശകാര്യമന്ത്രിമാരും തീരുമാനിച്ചു. അധികം വൈകാതെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. നയതന്ത്ര മാദ്ധ്യമങ്ങളിലൂടെയുള്ള ചര്‍ച്ചകളുമായി മുന്നോട്ടുപോകാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. ഇതിന്റെ ഭാഗമായി 14ാംവട്ട സൈനിക തല ചര്‍ച്ചയ്‌ക്കായി തയ്യാറെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പടിഞ്ഞാറന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചവഴി പൂര്‍ണമായി പരിഹരിക്കുമെന്നും ചൈന പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം ദെസ്പാംഗ്, ഗോഗ്ര, ഹോട്ട് സ്പ്രിംഗ്‌സ് എന്നിവിടങ്ങളിലെ സൈനിക പിന്മാറ്റത്തെക്കുറിച്ച്‌ ചൈന പ്രതികരിച്ചിട്ടില്ല. സെപ്തംബറില്‍ ദുഷണ്‍ബേയില്‍ നടന്ന ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാനുള്ള അടിയന്തിര നടപടിയായി സൈനിക പിന്മാറ്റത്തെ ചൈന അംഗീകരിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാത്ത പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍ തുടരുന്നത്.


Related News