Loading ...

Home International

എച്ച് 1ബി വിസ: ഇന്ത്യക്കാര്‍ക്ക് ആശ്വാസം

വാഷിങ്ടന്‍: യുഎസിലെ ജോലികളില്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് മുന്‍ഗണന നല്‍കുകയെന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നയത്തിന്റെ ഭാഗമായി എച്ച്–1ബി വിസ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് പരിഗണനയിലില്ലെന്ന് അധികൃതര്‍. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസാണ് (യുഎസ്‌സിഐഎസ്) ഇക്കാര്യം അറിയിച്ചത്. നയം മാറ്റം യാഥാര്‍ഥ്യമായാല്‍ യുഎസ് വിടേണ്ടിവരുമെന്ന ഭീഷണിയില്‍ കഴിഞ്ഞിരുന്ന ഏഴര ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം.


എച്ച്–1ബി വിസയില്‍ യുഎസില്‍ കഴിയുന്നവരെ രാജ്യം വിടാന്‍ നിര്‍ബന്ധിക്കുന്ന തരത്തിലുള്ള യാതൊരു മാറ്റവും ട്രംപ് ഭരണകൂടം പരിഗണിക്കുന്നില്ലെന്ന് യുഎസ് സിഐഎസ് വ്യക്തമാക്കി. അതേസമയം, യുഎസിലെ ജോലികളില്‍ നാട്ടുകാര്‍ക്കു മുന്‍ഗണന നല്‍കുകയെന്ന പ്രസിഡന്റ് ട്രംപിന്റെ നയം യാഥാര്‍ഥ്യമാക്കുന്നതിന് മറ്റു ചില പരിഷ്‌കാരങ്ങള്‍ പരിഗണനയിലുണ്ടെന്നും യുഎസ്‌സിഐഎസിന്റെ മാധ്യമ വിഭാഗം തലവന്‍ ജൊനാഥന്‍ വിതിങ്ടന്‍ വ്യക്തമാക്കി.
മൂന്നു വര്‍ഷത്തെ എച്ച്–1ബി വിസയില്‍ ജോലി ചെയ്യുന്നവര്‍ക്കു കാലാവധിക്കുശേഷം മൂന്നു വര്‍ഷത്തേക്കു കൂടി വിസ ഒറ്റത്തവണയായി നീട്ടിക്കൊടുക്കാന്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്. സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിന് ഇതിനകം അപേക്ഷ നല്‍കിയാല്‍, അത് അംഗീകരിക്കപ്പെടുന്നതുവരെ യുഎസില്‍ തുടരാം. ഈ വ്യവസ്ഥയില്‍ ഭേദഗതി വരുത്തി, വിസ പുതുക്കി നല്‍കുന്നത് ബന്ധപ്പെട്ട വകുപ്പിന്റെ വിവേചനാധികാരങ്ങളില്‍ ഉള്‍പ്പെടുത്താനാണു നിര്‍ദേശമെന്നായിരുന്നു റിപ്പോര്‍ട്ട്.


എച്ച് 1 ബി വിസയില്‍ അമേരിക്കയിലെത്തിയവരെ സ്വന്തം നാട്ടിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു നിയന്ത്രണവും പരിഗണിക്കുന്നില്ലെന്ന് യു എസ് സി എസ് വ്യക്തമാക്കി. ഇതോടെ എച്ച് 1 ബി വിസയുടെ കാലാവധി നീട്ടിക്കിട്ടുന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരില്ലെന്ന് വ്യക്തമായി. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഐടി ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് എച്ച് 1 ബി പോലുള്ള താത്കാലിക വിസകളാണ്.
ഗ്രീന്‍കാര്‍ഡിന് ഓരോ രാജ്യങ്ങള്‍ക്കും പ്രതിവര്‍ഷ ക്വോട്ട നിശ്ചയിച്ചിട്ടുണ്ട്. കൂടുതല്‍ അപേക്ഷകരുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇതു വര്‍ഷങ്ങള്‍ നീണ്ടുപോയേക്കാം. അതുവരെ വിസ സ്വാഭാവികമായി നീട്ടിക്കിട്ടിയില്ലെങ്കില്‍ യുഎസിലുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ തിരിച്ചുപോരേണ്ടി വരുമെന്നായിരുന്നു നിഗമനം. ഇതോടെയാണ് യുഎസിലെ ഇന്ത്യക്കാരുടെ ഭാവി ചോദ്യചിഹ്നമായത്.

Related News