Loading ...

Home International

ബഹിരാകാശത്ത് ചൈനീസ് മുന്നേറ്റം; ഇക്കൊല്ലം മാത്രം 40 വിക്ഷേപണങ്ങള്‍

കഴിഞ്ഞ വര്‍ഷം ആകെ നടത്തിയ റോക്കറ്റ് വിക്ഷേപണങ്ങളെ ഇക്കൊല്ലം പത്തുമാസം കൊണ്ട് കടത്തിവെട്ടി ചൈന.ഒക്ടോബര്‍ അവസാനിക്കുമ്ബോഴേക്കും ചൈനയുടെ കണക്കില്‍ ഇക്കൊല്ലം രണ്ട് പരാജയം ഉള്‍പ്പടെ 40 വിക്ഷേപണങ്ങളായി. ഇതേ കാലയളവില്‍ മുഖ്യ എതിരാളിയായ അമേരിക്ക മൂന്ന് പരാജയം ഉള്‍പ്പടെ 39 വിക്ഷേപണങ്ങളാണ് നടത്തിയിട്ടുള്ളത്. ഡിസംബര്‍ തീരുമ്ബോഴേക്കും കുറഞ്ഞത് ഏഴ് വിക്ഷേപണങ്ങള്‍ കൂടി ചൈന പദ്ധതിയിട്ടിട്ടുമുണ്ട്.

ടിയാങ്കോങ് ബഹിരാകാശ നിലയം യാഥാര്‍ഥ്യമാക്കിയ വിക്ഷേപണങ്ങളായിരുന്നു ഇക്കൊല്ലം ചൈന നടത്തിയതില്‍ ഏറ്റവും സുപ്രധാനം. സ്വന്തം ബഹിരാകാശ നിലയത്തിലേക്ക് രണ്ട് തവണ സഞ്ചാരികളേയും കൊണ്ട് വിജയകരമായി വിക്ഷേപണം നടത്താനും ചൈനക്കായി. കഴിഞ്ഞ ആഴ്ചയില്‍ ഏറ്റവും വലിയ റിമോട്ട് സെന്‍സിങ് സംവിധാനത്തിന്റെ 31-ാമത്തെ സാറ്റലൈറ്റും ചൈന വിക്ഷേപിച്ചു. ആകെ 138 സാറ്റലൈറ്റുകളാണ് ജിന്‍ജിന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സീരീസിലുള്ളത്. ചൈനക്കായി ഹൈ റെസലൂഷന്‍ ചിത്രങ്ങളും അതിവേഗ ഇന്റര്‍നെറ്റും സാധ്യമാക്കുന്ന സംവിധാനമാണിത്.

ലോങ് മാര്‍ച്ച്‌ 5ബിയും ലോങ് മാര്‍ച്ച്‌ 7എയുമാണ് ചൈനയുടെ സുപ്രധാന വിക്ഷേപണ വാഹനങ്ങള്‍. നീട്ടിവെച്ചതോ പരാജയപ്പെട്ടതോ ആയ വിക്ഷേപണങ്ങള്‍ക്കൊടുവില്‍ വിജയിച്ച ദൗത്യങ്ങളാണ് ഈ രണ്ട് റോക്കറ്റുകള്‍ക്കും ഈ വര്‍ഷമുള്ളത്. ഈവര്‍ഷം 40 വിക്ഷേപണങ്ങളാണ് ചൈന എയറോസ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പറേഷന്‍ (CASC) നിശ്ചയിച്ചിരുന്നത്. ഇതില്‍ 36 എണ്ണം ഒക്ടോബറിനകം തന്നെ പൂര്‍ത്തിയാക്കാന്‍ ചൈനക്കായി. ചൈന എയറോസ്‌പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോര്‍പറേഷന്റെ കീഴിലുള്ള എക്സ്പേസും സ്വകാര്യ കമ്ബനിയായ ഐസ്പേസും രണ്ട് വീതം വിക്ഷേപണങ്ങള്‍ നടത്തി.

അടുത്ത വര്‍ഷങ്ങളിലായി വലിയ തോതിലുള്ള നിക്ഷേപമാണ് ചൈന ബഹിരാകാശ മേഖലയില്‍ നടത്തിയിട്ടുള്ളത്. 2007ന് മുന്‍പ് പ്രതിവര്‍ഷം പത്തു വിക്ഷേപണങ്ങള്‍ പോലും നടത്താതിരുന്ന ചൈന കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 152 തവണയാണ് റോക്കറ്റുകളെ ബഹിരാകാശത്തേക്ക് എത്തിച്ചത്. ഈ കാലയളവില്‍ മറ്റേതു രാജ്യത്തേക്കാളും കൂടിയ എണ്ണമാണിത്. 2019ലും 2018ലും ചൈന ബഹിരാകാശ വിക്ഷേപണങ്ങളില്‍ അമേരിക്കയെ കടത്തിവെട്ടി. 2018ല്‍ ചൈന 38, യുഎസ് 32 തവണ വിക്ഷേപണം നടത്തി. 2019ല്‍ ഇത് ചൈനയുടെ കണക്കില്‍ 34, അമേരിക്കയുടേത് 21 ആയിരുന്നു. 2020ല്‍ 44 വിക്ഷേപണങ്ങള്‍ നടത്തി ഒന്നാംസ്ഥാനം അമേരിക്ക തിരിച്ചുപിടിച്ചു.

Related News