Loading ...

Home International

റഷ്യയില്‍ കൊവിഡിന്റെ പുതു തരംഗം

മോസ്‌കോ: റഷ്യയില്‍ കൊവിഡിന്റെ പുതു തരംഗം. യൂറോപ്പിലാകെ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു എന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് റഷ്യയിലും കൊവിഡ് കേസുകള്‍ വളരെയധികം വര്‍ധിച്ചിരിക്കുന്നത്.റെക്കോര്‍ഡ് കേസുകളാണ് ഒരു ദിവസം രേഖപ്പെടുത്തിയിരിക്കുന്നത്. റഷ്യയില്‍ വാക്‌സിനേഷന്‍ അടക്കം ശക്തമായി അവതരിപ്പിച്ചിട്ടും കൊവിഡ് തരംഗം ആരംഭിച്ചത് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും വലിയ വെല്ലുവിളിയാണ്. ശനിയാഴ്ച്ച മാത്രം 41335 കൊവിഡ് കേസുകളാണ് റഷ്യയില്‍ രേഖപ്പെടുത്തിയത്. ചൈനയിലും യുക്രൈനിലും കൊവിഡ് കേസുകള്‍ വര്‍ധിച്ച്‌ കൊണ്ടിരിക്കുകയാണ്.

മരണവും കൊവിഡ് കേസുകളും ഒരു മാസമായി റഷ്യയില്‍ ഇതുവരെയില്ലാത്ത തരത്തിലാണ് വര്‍ധിക്കുന്നത്. ദേശീയ കൊറോണവൈറസ് ടാസ്‌ക് ഫോഴ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിലുണ്ട്. ഒക്ടോബര്‍ 31ന് 40993 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായിരുന്നു ഇതുവരെ റഷ്യയിലെ റെക്കോര്‍ഡ്. ഇതിനെ മറികടന്നാണ് കഴിഞ്ഞ ദിവസത്തെ കുതിപ്പ്. കൊവിഡ് കേസുകള്‍ക്ക് പുറമേ മരണനിരക്കും റഷ്യയെ ആശങ്കപ്പെടുന്നു. 1188 പേരാണ് കൊവിഡ് ബാധിച്ച്‌ ഇന്നലെ മരിച്ചത്. വ്യാഴാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വെറും ഏഴ് കേസുകള്‍ മാത്രമാണ് കുറഞ്ഞിരിക്കുന്നത്. എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുന്നുണ്ടെങ്കിലും വാക്‌സിനേഷന്റെ കാര്യത്തില്‍ റഷ്യ പിന്നിലാണ്. സെപ്റ്റംബര്‍ പകുതിയോടെയാണ് റഷ്യയില്‍ കൊവിഡ് കേസുകള്‍ വ്യാപകമായി വര്‍ധിക്കാന്‍ തുടങ്ങിയത്. ഇതിന് പ്രധാന കാരണമായി പറയുന്നത് വാക്‌സിനേഷനിലെ പതിയെ പോക്കാണ്. വളരെ മോശം നിരക്കാണ് റഷ്യക്ക് വാക്‌സിനേഷന്റെ കാര്യത്തിലുള്ളത്. അതേസമയം ഉക്രൈനില്‍ വാക്‌സിന്‍ വിരുദ്ധ പ്രചാരണം നടത്തുന്നത് റഷ്യയാണെന്ന ആരോപണം ശക്തമാണ്. ഇതുവരെ റഷ്യയില്‍ 57.2 മില്യണ്‍ ആളുകളാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുള്ളത്. റഷ്യയില്‍ 146 മില്യണാണ് ജനസംഖ്യ. ഇതില്‍ 40 ശതമാനത്തില്‍ താഴെ ആളുകളാണ് വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തില്‍ ടാസ്‌ക് ഫോഴ്‌സിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണിത്. ഒക്ടോബര്‍ മുപ്പതിനും നവംബര്‍ ഏഴിനും ഇടയില്‍ റഷ്യക്കാരൊന്നും സ്ഥാപനങ്ങളില്‍ ജോലിക്കായി വരരുതെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക ഭരണകൂടങ്ങളോട് പ്രവര്‍ത്തിരഹിത ദിനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നോവ്‌ഗോറോദ്, ടോംസ്‌ക്, ചെല്യാബിന്‍സ്്ക്, കുര്‍സ്‌ക്, ബ്രയാന്‍സ്‌ക്, എന്നീ മേഖലകള്‍ അടുത്തയാഴ്ച്ച വരെ പ്രവര്‍ത്തിരഹിത വാരമായി പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാന നഗരിയായ മോസ്‌കോയിലെ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമായി തുടങ്ങിയതായി മേയര്‍ പറയുന്നു. തിങ്കളാഴ്ച്ച മുതല്‍ ആളുകള്‍ക്ക് തൊഴില്‍ മേഖലയിലേക്ക് വരാമെന്നും മേയര്‍ പറഞ്ഞു.


Related News