Loading ...

Home International

ബാക്ടീരിയല്‍ രോഗങ്ങള്‍ക്ക് വാക്സിന്‍ വികസിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് ലോകാരോഗ്യസംഘടന

ജനീവ: ബാക്ടീരിയല്‍ രോഗങ്ങള്‍ക്ക് വാക്സിന്‍ വികസിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്‌.ഒ.).

ലോകത്ത് പ്രതിവര്‍ഷം ഒന്നരലക്ഷത്തോളം കുഞ്ഞുങ്ങള്‍ മരിക്കാന്‍ ബാക്ടീരിയ പരത്തുന്ന രോഗങ്ങള്‍ കാരണമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്‌.ഒ.യുടെ ആഹ്വാനം. 2017മുതല്‍ വര്‍ഷത്തില്‍ ലക്ഷത്തോളം നവജാതശിശുക്കള്‍ ബാക്ടീരിയരോഗങ്ങളാല്‍ മരിക്കുന്നു. അമ്ബതിനായിരത്തോളം കുഞ്ഞുങ്ങള്‍ ഗര്‍ഭത്തിലിരിക്കെയും.

ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോകസ് അണുബാധയാണ്‌ (ജി.ബി.എസ്.) മാസംതികയാതെ പ്രസവിക്കുന്നതിനും കുഞ്ഞുങ്ങളിലെ അംഗപരിമിതിക്കും ഏറ്റവുമധികം കാരണമാകുന്നതെന്ന് ലണ്ടന്‍ സ്കൂള്‍ ഓഫ് ട്രോപിക്കല്‍ മെഡിസിനും ഡബ്ല്യു.എച്ച്‌.ഒ.യും ചേര്‍ന്നുനടത്തിയ പഠനത്തില്‍ കണ്ടെത്തി.

ഇതിന്‌ വാക്സിന്‍ കണ്ടെത്തുന്നതില്‍ വേണ്ടത്ര ഗവേഷണങ്ങള്‍ നടക്കുന്നില്ല. ആദ്യമായാണ് ജി.ബി.എസിന്റെ ഭവിഷ്യത്ത് ഇത്രയുമുണ്ടെന്ന് തിരിച്ചറിയുന്നത്. അമ്മമാര്‍ക്ക് നേരത്തേത്തന്നെ വാക്സിന്‍ നല്‍കാനായാല്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനാവും. ജി.ബി.എസ്. കുത്തിവെപ്പിന് ആരും വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. ലോകത്തുടനീളം 15 ശതമാനം ഗര്‍ഭിണികളുടെയും യോനിയില്‍ ജി.ബി.എസ്. ബാക്ടീരിയയുണ്ടാകും (കൊല്ലത്തില്‍ രണ്ടുകോടി). പക്ഷേ, ലക്ഷണങ്ങളൊന്നും പ്രകടമാക്കാറില്ല. പ്രസവസമയത്താണ് ഇത് കുഞ്ഞിലേക്ക് പകരുന്നത്. ചികിത്സിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് മെനിഞ്ചൈറ്റിസും രക്തദൂഷ്യവും ബാധിക്കാം. കുട്ടികളുടെ മരണത്തിനും കാരണമാകാം. രക്ഷപ്പെടുന്ന കുട്ടികള്‍ക്ക് സെറിബ്രല്‍ പാള്‍സി പോലുള്ള രോഗങ്ങളും കണ്ടുവരുന്നുണ്ട്.



Related News