Loading ...

Home International

സര്‍ക്കാരിന്റെ കടുംപിടിത്തം; ചൈനയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച്‌ യാഹൂ

ഇന്റര്‍നെറ്റ് സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഷി ജിന്‍പിങ് സര്‍ക്കാരിന്റെ നിയമം അടിച്ചേല്‍പ്പിക്കല്‍ കാരണം അമേരിക്കയിലെ അന്താരാഷ്ട്ര ടെക്‌നോളജി കമ്ബനിയായ യാഹൂ ചൈനയില്‍ അവരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.ചൈനയില്‍ നിലനില്‍ക്കുന്ന വെല്ലുവിളി നിറഞ്ഞ സാഹചര്യം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമല്ലെന്നും അതിനാല്‍, തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്നും കമ്ബനി പ്രസ്താവനയിലൂടെ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനങ്ങള്‍ നല്‍കാന്‍ കമ്ബനി പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നേരിടേണ്ടി വരുന്നത് അതിന് തടസ്സംനില്‍ക്കുന്ന നടപടികളാണെന്ന് യാഹൂ വ്യക്തമാക്കി. ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് ചൈനയിലെ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് കമ്ബനി നന്ദിയറിയിക്കുകയും ചെയ്തു. അമേരിക്കന്‍ ടെക് ഭീമന്‍ മൈക്രോസോഫ്റ്റിന് കീഴിലുള്ള പ്രഫഷണല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ്‌ഇന്നും ദിവസങ്ങള്‍ക്ക് മുമ്ബ് ചൈനയിലെ അവരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട നെറ്റ്‌വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ്‌ഇന്‍ ചൈനീസ് നിയമങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കല്‍ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവിടെ നിന്നും പിന്‍വാങ്ങിയത്. നേരത്തെ ചൈനയിലെ ആപ്പിള്‍ സ്‌റ്റോറില്‍ നിന്നും ഖുര്‍ആന്‍, ബൈബിള്‍ ആപ്പുകളും ആമസോണിന്റെ ഓഡിയോബുക് ആപ്പായ 'ഓഡിബിളും' നീക്കം ചെയ്യപ്പെട്ടത് ടെക് ലോകത്ത് ചര്‍ച്ചയായി മാറിയിരുന്നു.

Related News