Loading ...

Home International

കൊറോണ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചില്ല; എണ്ണൂറോളം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് എയര്‍ കാനഡ

കാനഡ: കൊറോണ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്ത എണ്ണൂറോളം ജീവനക്കാരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് എയര്‍ കാനഡ.

ഏറ്റവും വലിയ കനേഡിയന്‍ എയര്‍ലൈനാണ് എയര്‍ കാനഡ. എയര്‍ കാനഡയുടെ എല്ലാ ജീവനക്കാരും സര്‍ക്കാരിന്റെ കൊറോണ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച്‌ പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മൈക്കല്‍ റസ്സോ പറഞ്ഞു.' ഞങ്ങളുടെ ജീവനക്കാര്‍ കൊറോണയ്‌ക്കെതിരായ പ്രതിരോധത്തില്‍ അവരുടെ പങ്ക് കൃത്യമായി നിര്‍വഹിച്ചിരിക്കുകയാണ്. എയര്‍ കാനഡയിലെ 96 ശതമാനത്തിലധികം പേരും പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ചു. ഏതെങ്കിലും കാരണത്താല്‍ വാക്‌സിന്‍ എടുക്കാത്ത ജീവനക്കാരോട് ശമ്ബളമില്ലാത്ത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്' റസ്സോ പറഞ്ഞു.

വാക്‌സിന്‍ എടുത്തതിന് ശേഷം മാത്രമേ ഇവര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. അലര്‍ജി പോലുള്ള ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ കമ്ബനിയെ കൃത്യമായി കാരണം ബോധിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എയര്‍, റെയില്‍, ഷിപ്പിംഗ് കമ്ബനികള്‍ അവരുടെ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. വ്യോമമേഖലയിലാണ് നിയമം കര്‍ശനമാക്കിയത്. എയര്‍പോര്‍ട്ടുകളിലെ നിയന്ത്രിത മേഖലകളിലേക്ക് പ്രവേശിക്കുന്ന ജീവനക്കാര്‍ വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നത് നിര്‍ബന്ധമായിരുന്നു.

കാനഡയില്‍ ഇതുവരെ 1,720,355 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 29,056 മരണങ്ങളും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 2,283 പുതിയ കേസുകളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 58,756,154 ഡോസ് വാക്‌സിന്‍ രാജ്യത്തൊട്ടാകെ വിതരണം ചെയ്തിട്ടുണ്ട്. ജനസംഖ്യയുടെ 78 ശതമാനവും വാക്‌സിനേഷന്‍ സ്വീകരിച്ചതായാണ് കണക്ക്.



Related News