Loading ...

Home International

അഫ്ഗാന്‍ സൈനിക ആശുപത്രിയിലെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്‌ഐഎസ്

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ്‌ഐഎസ് ഏറ്റെടുത്തു.

ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ 25 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ ഇപ്പോഴും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന്‍ സൈനിക ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. ആശുപത്രിക്കുള്ളില്‍ ഒരു ഭീകരന്‍ തോക്ക് ഉപയോഗിച്ച്‌ വെടിവയ്പ്പ് നടത്തുകയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ചാവേര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. ആശുപത്രി ഗേറ്റിന് സമീപത്ത് വച്ചാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ നിരവധി അംഗങ്ങള്‍ ആക്രമണത്തില്‍ പങ്കാളികളായതായി താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് ആരോപിച്ചു. 'ആശുപത്രിക്ക് പുറത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സാധാരണക്കാരും താലിബാന്‍ അംഗങ്ങളും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നും' സബിഹുള്ള മുജാഹിദ് പറഞ്ഞു. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

താലിബാന്റെ പ്രധാന നേതാക്കളിലൊരാളായ മൗലവി ഹംദുള്ള റഹ്മനിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി താലിബാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് സീനിയര്‍ കമാന്‍ഡര്‍ കൂടിയായ ഹംദുള്ള റഹ്മാനിയുടെ നേതൃത്വത്തിലാണ് താലിബാന്‍കാര്‍ പ്രവേശിച്ചത്.





Related News