Loading ...

Home International

ബഹിരാകാശത്തെ ആദ്യ സിനിമ ചിത്രീകരണത്തിന്​ ശേഷം റഷ്യന്‍ സംഘം തിരിച്ചെത്തി

മോസ്​കോ: ബഹിരാകാശത്ത്​ സിനിമ ചിത്രീകരണത്തിനായി പോയ റഷ്യന്‍ സംഘം ഭൂമിയില്‍ തിരിച്ചെത്തി. ഞായറാഴ്ച രാവിലെയാണ്​ ഇവര്‍ 12 ദിവസത്തെ ഷൂട്ടിങ്ങിന്​ ശേഷം ഭൂമിയിലെത്തിയത്​.'ചലഞ്ച്​' എന്നി സിനിമക്കായി നടി യൂലിയ പെരേസില്‍ഡും സംവിധായകന്‍ കിം ഷിപെന്‍കോയുമാണ്​ ബഹിരാകാശ യാത്ര നടത്തിയത്​​. റഷ്യന്‍ സോയുസ്​ സ്​പേസ്​ ക്രാഫ്​റ്റിലാണ്​ കസാഖ്​സ്​ഥാനിലെ റഷ്യന്‍ സ്​പേസ്​ സെന്‍ററില്‍നിന്ന്​ സംഘം ഈ മാസം ആദ്യം പുറപ്പെട്ടത്​. ബഹിരാകാശ യാത്രികനായ ആന്‍റണ്‍ ഷ്​കപ്ലറേവും ഒപ്പമുണ്ടായിരുന്നു.

ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവന്‍ രക്ഷിക്കാനായി പുറപ്പെടുന്ന ​​ഡോക്​ടറുടെ കഥയാണ്​ സിനിമ പറയുന്നത്​. ചാനല്‍ വണ്‍ നിര്‍മാണ കമ്ബനിയും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്​കോസ്​മോസും ചേര്‍ന്നാണ്​ സിനിമയുടെ നിര്‍മാണം.
ആദ്യമായാണ്​ ബഹിരാകാശത്ത്​ ഒരു സിനിമ ചിത്രീകരണം. നേര​േത്ത ഇലോണ്‍ മസ്​കിന്‍റെ സ്​പേസ്​ എക്​സുമായി ചേര്‍ന്ന്​ ടോം ക്രൂസിനെ നായകനാക്കി ബഹിരാകാശത്ത്​ സിനിമ ചിത്രീകരിക്കാന്‍ നാസ ശ്രമിച്ചിരുന്നെങ്കിലും യാഥാര്‍ഥ്യമായിരുന്നില്ല.

Related News