Loading ...

Home International

വര്‍ഗ്ഗീയ കലാപത്തിന് സാദ്ധ്യത; ബംഗ്ലാദേശില്‍ സുരക്ഷ ശക്തമാക്കി സര്‍ക്കാര്‍

ധാക്ക : ദുര്‍ഗാ പൂജയ്‌ക്കിടെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച്‌ ബംഗ്ലാദേശ് സര്‍ക്കാര്‍. പ്രധാന നഗരങ്ങളിലും സംഘര്‍ഷ സാദ്ധ്യതയുള്ള മേഖലകളിലും കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചു. സംഘര്‍ഷ സാദ്ധ്യതയുള്ള മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഗ്ഗീയ കലാപമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്. രാജ്യത്ത് നവരാത്രി ആഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ചയായതിനാല്‍ ഇസ്ലാമിക വിശ്വാസികള്‍ മസ്ജിദുകളില്‍ പ്രാര്‍ത്ഥനയ്‌ക്കായി സംഘടിക്കും. ഇതിനിടയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിക്കാന്‍ തീരുമാനിച്ചത്. പോലീസിനു പുറമേ സൈനികരും പലമേഖലകളിലായി വിന്യസിച്ചിട്ടുണ്ട്. രാജ്യത്ത് വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ച്‌ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ താഴെയിറക്കാനാണ് ജമാഅത്ത് ഇ ഇസ്ലാമിയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് ദുര്‍ഗാ പന്തലിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. വരും ദിവസങ്ങളിലും സമാന രീതിയിലുള്ള സംഘര്‍ഷം ഉടലെടുക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുമില്ലയിലെ ദുര്‍ഗ പന്തല്‍ ജമാഅത്ത് ഇ ഇസ്ലാമി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ദുര്‍ഗാ ദേവിയുടെ കാല്‍പ്പാദത്തിന് അടുത്തായി ഖുര്‍ആന്‍വച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇതിന് പിന്നാലെ രാജ്യത്തെ പലഭാഗങ്ങളിലും ദുര്‍ഗാ പൂജയ്‌ക്കിടെ അക്രമ സംഭവങ്ങള്‍ ഉണ്ടായി.

Related News