Loading ...

Home International

ലോകത്തിലെ ആദ്യ മലേറിയ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ജനീവ: ലോകത്തിലെ ആദ്യ മലേറിയ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കുട്ടികള്‍ക്കുള്ള ആര്‍ടിഎസ്, എസ്/എഎസ് 01(RTS,S/AS01) മലേറിയ പ്രതിരോധ വാക്സിനാണ് അംഗീകാരം ലഭിച്ചത്. പ്രതിവര്‍ഷം 4,00,000 പേരാണ് മലേറിയ ബാധിച്ച്‌ മരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ മലേറിയ വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ഡബ്ല്യൂഎച്ച്‌ഒ ശുപാര്‍ശ ചെയ്യുന്നുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ട്രെഡ്രോസ് ആന്തനോം ഹെബ്രിയേസസ് അറിയിച്ചു. മലേറിയ തടയുന്നതിന് നിലവിലുള്ള സംവിധാനം കൂടാതെ ഈ വാക്സിന്‍ ഉപയോഗിച്ച്‌ ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. കുട്ടികളുടെ ആരോഗ്യത്തിന്റേയും ശാസ്ത്രത്തിന്റേയും മലേറിയ നിയന്ത്രണത്തിന്റേയും മുന്നേറ്റമാണ് ഇതെന്ന് വിദഗ്ധര്‍ വിലയിരുത്തി. ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മലേറിയ രോഗത്തിനിരയായി മരിക്കുന്നത്. ഇതില്‍ കൂടുതലും കുട്ടികളാണ്. ചരിത്ര നിമിഷമെന്നാണ് അംഗീകാരം നല്‍കിയ നടപടിയെ ടെഡ്രോസ് വിശേഷിപ്പിച്ചത്. പ്രതിവര്‍ഷം മരിക്കുന്ന നാല് ലക്ഷം പേരില്‍ ഭൂരിഭാഗവും ആഫ്രിക്കയിലെ കുട്ടികളാണ്. 2019ല്‍ രണ്ടര ലക്ഷം കുട്ടികള്‍ ആഫ്രിക്കയില്‍ മാത്രം രോഗം ബാധിച്ച്‌ മരിച്ചിരുന്നു. ഘാന, കെനിയ, മലാവി എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 80,000 ത്തില്‍ അധികം കുട്ടികള്‍ക്ക് വാക്സിന്‍ കുത്തിവെച്ചിരുന്നു. ഇവിടെ മികച്ച ഫലപ്രാപ്ത്തിയാണ് കൈവരിച്ചത്. ഈ ഫലത്തെ അടിസ്ഥാനമാക്കിയാണ് ആര്‍ടിഎസ്, എസ് വാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയത്. അനോഫെലീസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് മലേറിയ പരത്തുന്നത്.

Related News