Loading ...

Home International

ചൊവ്വയിലെ ജല സാന്നിധ്യം; കൂടുതല്‍ തെളിവുകള്‍ നിരത്തി ഗവേഷകര്‍

വാഷിംഗ്ടണ്‍: ചുവന്ന ഗ്രഹത്തില്‍ ജലത്തിന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്ന തെളിവുകളുമായി ഗവേഷകര്‍.ചൊവ്വയുടെ ഉപരിതലം ഇന്ന് കാണുന്ന രീതിയില്‍ രൂപപ്പെടുത്തുന്നതില്‍ വെള്ളപ്പൊക്കത്തിന്റേയും ഒഴുക്കിന്റേയും പങ്ക് ചെറുതല്ലെന്ന് പഠനം വ്യക്തമാക്കുന്നു.ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നില്‍.കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൊവ്വയില്‍ സമൃദ്ധമായി ജലം ഉണ്ടായിരുന്നുവെന്ന ശാസ്ത്ര ലോകത്തിന്റെ വാദത്തെ കൂടുതല്‍ ബലപ്പെടുത്തുന്നതാണ് പുതിയ പഠനം.

ഗ്രഹത്തിലെ തടാകങ്ങളില്‍ നിന്നും മറ്റും കവിഞ്ഞ് ഒഴുകിയ വെള്ളം ഉപരിതലത്തില്‍ വലിയ രീതിയിലുള്ള ചാലുകള്‍ നിര്‍മ്മിക്കാനും ഉപരിതലം ഇന്ന് കാണുന്ന രീതിയിലാവാനും കാരണമായി തീര്‍ന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

ചൊവ്വയെ വലം വെയ്‌ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങള്‍ എടുത്ത ചിത്രങ്ങളും ചെവ്വയിലെ ഗര്‍ത്തങ്ങളില്‍ നിന്നും ശേഖരിച്ച അവശിഷ്ടങ്ങളുമാണ് സംഘം പഠനവിധേയമാക്കിയത്. ചുവന്ന ഗ്രഹത്തിലുടനീളമുള്ള തകര്‍ന്ന 262 തടാകങ്ങള്‍ ഗ്രഹത്തിന്റെ ഉപരിതലത്തെ മൊത്തത്തില്‍ എങ്ങനെ രൂപപ്പെടുത്തി എന്ന് അന്വേഷിക്കുന്ന ആദ്യ പഠനമാണിത്.

പുതിയ പഠനത്തിലെ കണ്ടത്തെലുകള്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു. പഠനപ്രകാരം ചൊവ്വയില്‍ ആഴ്ചകള്‍ മാത്രം നീണ്ടു നിന്ന വെള്ളപ്പൊക്കം ഗ്രഹത്തിലെ സുപ്പീരിയര്‍, ഒന്റാറിയോ തുടങ്ങിയ തടാകങ്ങളെ നിറയ്‌ക്കാന്‍ ആവശ്യമായതില്‍ കൂടുതല്‍ മണ്ണൊലിപ്പ് സൃഷ്ടിച്ചു.

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ദ്രാവക ജലം ഉണ്ടായിരുന്നപ്പോള്‍ ചൊവ്വയില്‍ ഗര്‍ത്ത തടാകങ്ങള്‍ സാധാരണമായിരുന്നു. ചില ഗര്‍ത്തങ്ങള്‍ക്ക് ഒരു ചെറിയ കടലിലുള്ളതിന്റെ അത്ര ജലം ഉള്‍ക്കൊള്ളാന്‍ സാധിക്കും. എന്നാല്‍ ജലത്തിന്റെ അളവ് താങ്ങാനാവാത്ത വിധം വര്‍ദ്ധിക്കുന്നത് ഗര്‍ത്തത്തിന്റെ അറ്റം തകര്‍ക്കും. ഇത് ക്രമേണ വെള്ളപ്പൊക്കത്തിന് കാരണമായി തീരുന്നു. ഈ വെള്ളപ്പൊക്കം ഉപരിതലത്തിന്റെ ഘടന മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Related News