Loading ...

Home International

അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഇരച്ചെത്തി ലാവ; ആശങ്കയോടെ രാജ്യങ്ങള്‍

മാട്രിഡ് : സ്‌പെയിനില്‍ അറ്റ്‌ലാന്റിക് സമുദ്രത്തെ ലാവ വിഴുങ്ങുന്നു. ലാ പല്‍മ ഐലന്റിലെ കുംബ്രെ വീജ അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ലാവ പ്രവാഹം നിലക്കാതെ വന്നതോടെ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് ഒലിച്ചിറങ്ങാന്‍ ആരംഭിച്ചു. വെള്ളവും ലാവയും ചേരുമ്ബോഴുണ്ടാകുന്ന രാസ പ്രവര്‍ത്തനത്തിന്റെ ഫലമായി പ്രദേശത്തെ വായു വിഷമയമായിരിക്കുകയാണ്.

ഈ മാസം 19 മുതലാണ് വീജ അഗ്നിപര്‍വ്വതത്തില്‍ നിന്നും ലാവ പുറത്തേക്ക് വരാന്‍ ആരംഭിച്ചത്. ബുധനാഴ്ചയോടെ ഒഴുകി അറ്റ്‌ലാന്റിക് സമുദ്ര തീരത്ത് എത്തി. പല്യാ നുയേവ മേഖലയിലാണ് ലാവ സമുദ്രത്തിലേക്ക് ഒലിച്ചിറങ്ങിയത്. ലാവാ പ്രവാഹത്തില്‍ 100 ഓളം വീടുകള്‍ പൂര്‍ണമായും 650 ഓളം വീടുകള്‍ ഭാഗീകമായും തകര്‍ന്നു. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ 6,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് സര്‍ക്കാര്‍ മാറ്റി. 2.7 ചതുരശ്ര കിലോമീറ്ററില്‍ ലാവ വ്യാപിച്ചു കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലാവ ഒലിച്ചിറങ്ങാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മേഖലയിലെ മൂന്ന് ഗ്രാമങ്ങളില്‍ അധികൃതര്‍ നേരത്തെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇനിയൊരു നിര്‍ദ്ദേശമുണ്ടാകുന്നതുവരെ വീടിന് പുറത്തേക്ക് ഇറങ്ങരുതെന്നാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രാസപ്രവര്‍ത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന പുക ശാരീരിക അസ്വസ്ഥതകള്‍ക്കും മരണത്തിനുംവരെ കാരണമാകാം. ഈ സാഹചര്യത്തിലാണ് ഗ്രാമങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

അതേസമയം ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കുമെന്ന് സ്പാനിഷ് സര്‍ക്കാര്‍ അറിയിച്ചു. അടുത്ത ദിവസം തന്നെ സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചെസ് ഐലന്റ് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Related News