Loading ...

Home International

സോമാലിയന്‍ തലസ്ഥാനത്ത് ചാവേര്‍ ബോംബാക്രമണം ; സൈനികനടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു

മൊഗാദിഷു ; സോമാലിയന്‍ തലസ്ഥാനത്തുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു . പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള റോഡിലാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള അല്‍ ഷബാബ് സംഘടന ഏറ്റെടുത്തു . പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പോകുന്ന വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സംഘടന വെളിപ്പെടുത്തി .

സ്ഫോടനം നടന്ന സ്ഥലത്തുണ്ടായ നാശനഷ്ടങ്ങള്‍ കൂടുതലാണെന്ന് പോലീസ് വക്താവ് അബ്ദുഫതാ ഏഡന്‍ ഹസ്സന്‍ പറഞ്ഞു. ഒരു സൈനികനും അമ്മയും രണ്ട് കുട്ടികളും ഉള്‍പ്പെടെ എട്ട് പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.

പ്രധാനമന്ത്രി മുഹമ്മദ് ഹുസൈന്‍ റോബിളിന്റെ ഓഫീസിലെ സ്ത്രീ സ്വാതന്ത്യ്രം, മനുഷ്യാവകാശങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങളുടെ ഉപദേഷ്ടാവ് ഹിബാഖ് അബൂക്കറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് മുഹമ്മദ് ഇബ്രാഹിം മൊഅലിമുവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്ത്രീകളുടെ കാര്യങ്ങളുടെ നെടും തൂണായിരുന്നു ഹിബാബെന്നും മുഹമ്മദ് ഇബ്രാഹിം മൊഅലിമുവ് പറഞ്ഞു . ഹിബാബ് അബൂക്കര്‍ വാഹനവ്യൂഹത്തിലുണ്ടായിരുന്നോ അതോ സ്ഫോടനം നടന്നപ്പോള്‍ സമീപത്തുണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

ഭരണകൂടത്തെ അട്ടിമറിക്കാനും ഇസ്ലാമിക നിയമത്തിന് കര്‍ശനമായ വ്യാഖ്യാനം നല്‍കാനുമാണ് അല്‍ ഷബാബ് എന്ന ഭീകര സംഘം ഇടയ്‌ക്കിടെ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്ന് മുഹമ്മദ് ഇബ്രാഹിം മൊഅലിമുവ് പറഞ്ഞു

Related News