Loading ...

Home International

അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന് രണ്ടാമതും ഹവാന സിന്‍ഡ്രോം ; ആശങ്ക

വാഷിങ്ടണ്‍: അജ്ഞാത രോഗമായ ‘ഹവാന സിന്‍ഡ്രോം’ നയതന്ത്ര ഉദ്യോഗസ്ഥരില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി യുഎസ് .ഈ മാസം ഇന്ത്യ സന്ദര്‍ശിച്ച സി.ഐ.എ ഡയറക്ടര്‍ വില്യം ബേണ്‍സിന്റെ സംഘത്തിലെ ഒരുദ്യോഗസ്ഥന് അജ്ഞാത രോഗം ഉണ്ടായെന്നും ചികിത്സ തേടിയെന്നുമാണ് റിപ്പോര്‍ട്ട്. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഒരു അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം ബാധിക്കുന്നത് .

അതെ സമയം ആഗസ്റ്റില്‍ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോം എന്ന അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്‌നാം സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ഉദ്യോഗസ്ഥരില്‍ തുടര്‍ച്ചയായി ഹവാന സിന്‍ഡ്രോം കണ്ടുവരുന്നതിനാല്‍ വിശദമായ അന്വേഷണം നടത്തുകയാണ് അമേരിക്ക. ഈ വര്‍ഷം അവസാനത്തോടെ അന്വേഷണം പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

അതെ സമയം വിഷയത്തെക്കുറിച്ച്‌ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് തയ്യാറല്ലെന്നും ഉദ്യോഗസ്ഥരുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും സി.ഐ.എ വക്താവ് ചൂണ്ടിക്കാട്ടി . 2016 ല്‍ ക്യൂബയിലെ ഹവാനയിലുള്ള യുഎസ് ഉദ്യോഗസ്ഥരിലാണ് ആദ്യമായി ഈ അവസ്ഥ കാണപ്പെട്ടത്. അതെ സമയം ക്യൂബയ്ക്ക് പുറമേ റഷ്യ, ഓസ്ട്രിയ , ചൈന ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.

2016 മുതലാണ് ഹവാന സിന്‍ഡ്രോമിനെ കുറിച്ച്‌ വാര്‍ത്ത പ്രചരിച്ചത് . ക്യൂബന്‍ തലസ്ഥാനം ഹവാനയില്‍ പ്രവര്‍ത്തിച്ചിരുന്ന യുഎസ് നയതന്ത്ര പ്രതിനിധികള്‍ക്കും എംബസിയിലെ ഏതാനും ജീവനക്കാര്‍ക്കുമാണ് ആദ്യമായി ഈ അജ്ഞാത രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അങ്ങനെയാണ് ഈ രോഗത്തിന് ‘ഹവാന സിന്‍ഡ്രോം’ എന്ന പേര് വന്നത്.

വിചിത്രമായ ചില ശബ്ദങ്ങള്‍ കേള്‍ക്കുക, അപരിചിതമായ ശാരീരിക അസ്വസ്ഥതകള്‍ ,ഛര്‍ദി, ശക്തമായ തലവേദന, ക്ഷീണം, തലകറക്കം, ഉറക്കപ്രശ്നങ്ങള്‍, കേള്‍വിക്കുറവ്, ഓര്‍മപ്രശ്നങ്ങള്‍ തുടങ്ങിയവയാണ് ഈ അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങള്‍ .

Related News